തിരുവോണനാളിൽ തൃശ്ശൂരിനെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ


 

തൃശ്ശൂർ: തിരുവോണദിനത്തിൽ തൃശ്ശൂരിൽ രണ്ടിടത്ത് കൊലപാതകങ്ങൾ. വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധു അനൂപിനെ പിടികൂടി.

മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന് സൂരജും വീട്ടുടമ ലോറൻസും തമ്മിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും വാടകക്കാരെ ഇറക്കിവിട്ട് വീട്ടിൽ താമസിക്കാനെത്തി. തർക്കം പരിധി വിട്ടതോടെ ഇരുന്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛൻ ശശിധരനും സഹോദരൻ സ്വരൂപും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ കാട്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ തിരയുകയാണ്.

ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരനായ സുരേഷ് കുത്തേറ്റ് മരിച്ചു. കുടുംബപ്രശ്നത്തെത്തുടന്ന് സുരേഷും , സുരേഷിന്റെ ചെറിയച്ഛന്റെ മകൻ അനുപും തമ്മിൽ തർക്കം നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാൻ പോയ സുരേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.