തിരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി; ജില്ലയിൽ 3,784 ബൂത്തുകള്‍: കൊയിലാണ്ടിയിൽ 312


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിംഗ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് 13 നിയോജക മണ്ഡലങ്ങളില്‍ തയ്യാറാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് അധിക ബൂത്തുകള്‍ ഒരുക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കിയും ഭിന്നശേഷി സൗഹൃദമാക്കിയുമാണ് ബൂത്തുകള്‍ സജ്ജമാക്കുന്നത്.

1,000 വോട്ടര്‍മാരായിരിക്കും പരമാവധി ഒരു ബൂത്തിലുണ്ടാവുക.
ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടായി വിഭജിക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന അഞ്ച് പേരെയാണ് ബൂത്തുകളില്‍ വിന്യസിക്കുക.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ സാമൂഹിക അകലം കര്‍ശനമാക്കും. കൈകള്‍ അണുവിമുക്തമാക്കാന്‍ സൗകര്യം ഒരുക്കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ബൂത്തുകളില്‍ താത്ക്കാലിക കണക്ഷനുകള്‍ സജ്ജമാക്കും. കുടിവെള്ളമടക്കം ഒരുക്കി സമ്മതിദായക സൗഹൃദമാക്കിയാണ് ബൂത്തുകള്‍ തയ്യാറാക്കുന്നത്.

വരണാധികാരികളുടെ നേതൃത്വത്തില്‍ ബൂത്തുകളില്‍ പരിശോധന തുടങ്ങി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.

പോളിംഗ് ബൂത്തുകള്‍:

  1. വടകര 239 (91).
  2. കുറ്റ്യാടി295 (131).
  3. നാദാപുരം320 (132).
  4. കൊയിലാണ്ടി 312 (142).
  5. പേരാമ്പ്ര 296 (122).
  6. ബാലുശ്ശേരി 337 (140). 7. എലത്തൂര്‍ 301 (141).
  7. കോഴിക്കോട് നോര്‍ത്ത് 277 (124).
  8. കോഴിക്കോട് സൗത്ത് 231 (93).
  9. ബേപ്പൂര്‍ 301 (137). 11. കുന്ദമംഗലം 342 (156).
  10. കൊടുവള്ളി 273 (110).
  11. തിരുവമ്പാടി 260 (86).

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ആദ്യഘട്ട വോട്ടര്‍പട്ടികയില്‍ ഇടംനേടിയത് 24,70,953 വോട്ടര്‍മാര്‍. ജനുവരി 20നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും, 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് ഉള്ളത്. കുന്ദമംഗലം മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. കുറവ് കോഴിക്കോട് സൗത്തില്‍. കുന്ദമംഗലത്ത് 1,13,901 സ്ത്രീകളും, 1,08,579 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2,22,481 വോട്ടര്‍മാരുണ്ട്.