തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു


തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച അക്രഡിറ്റഡ് എന്‍ജിനിയറെ പിരിച്ച് വിടാനുള്ള ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്.

പ്രതിഷേധത്തിന് സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍, ചെറുക്കുറ്റി, കെ.പി. ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ, യു.കെ. സൗജത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

താല്കാലികമായി നിയമിക്കപ്പെട്ട ഈ എഞ്ചിനീയറുടെ കാലാവധി ജനുവരി 13ന് അവസാനിക്കുകയാണ്. ഇത് പുതുക്കി കൊടുക്കാനുള്ള അപേക്ഷ ഭരണ സമിതിക്കു മുമ്പാകെ വന്നപ്പോള്‍ ഇത് പുതുക്കി നല്‍കേണ്ടതില്ല എന്ന ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഭരണ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ നടപടി ജനാധിപത്യത്തിന് നിരക്കാത്തതെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.