ഡിവൈഡറിലിടിച്ചുള്ള അപകടങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ കാര്‍ തകര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ല.
ദേശീയപാതയില്‍ സ്റ്റേഡിയത്തിന് മുന്‍വശം സ്ഥാപിച്ച ഡിവൈഡറില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്.
തിങ്കളാഴ്ച രാത്രിയും ഡിവൈഡര്‍ അപകടത്തിന് വഴിവെച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്‍വശത്തുവെച്ച് ഡിവൈഡറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയും സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചെങ്കിലും വാഹനങ്ങളിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിവൈഡര്‍ സൂചനാ ബോര്‍ഡടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു. വെളിച്ചക്കുറവും ഇവിടെ അപകടത്തിന് വഴിവെക്കുന്നുണ്ട്. റിഫ്ളക്ടറുകളോ മറ്റോ സ്ഥാപിച്ച് അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.