ജില്ലയിൽ ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജമെന്ന് ജില്ലാ കളക്ടർ; 75,000 രോഗികളെ ചികിത്സിക്കാൻ സംവിധാനമൊരുക്കി
കോഴിക്കോട്: കോവിഡ് രോഗികളുടെ വർദ്ധനവ് പരിഗണിച്ച് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ ശിവ റാവു പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ പരമാവധി ശേഷി ഉപയോഗപ്പെടുത്താതെ തന്നെ നിലവിലുള്ള സാഹചര്യം നേരിടാനുളള ചികിത്സാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനുള്ള ജില്ലാ തല മുഴുവൻ സമയ വാർ റൂം പ്രവർത്തിച്ചു വരുന്നുണ്ട്.
75,000 രോഗികളെ വരെ ചികിത്സിക്കാനാവശ്യമായ മുൻ കരുതലോടുകൂടിയാണ് കോവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കൽ കോളേജ്, ഐ.എം.സി.എച്ച്, ബീച്ച് ആശുപത്രി, പി.എം.എസ്.എസ് വൈ ബ്ലോക്ക് എന്നീ സർക്കാർ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമെ മിംസ്, ഇഖ്റ, ബേബി മെമ്മോറിയൽ, മലബാർ മെഡിക്കൽ കോളേജ്, തുടങ്ങിയ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പങ്കാളികളാണ്. ഏത് ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങൾക്ക് മുന്നെ തന്നെ സജ്ജമായിട്ടുണ്ട്.
കോവിഡ് രോഗ ചികിത്സാ, പ്രതിരോധ നടപടികളുടെ ഏകോപനത്തിന് കോവിഡ് ജാഗ്രത പോർട്ടലിൽ മുഴുവൻ വിരങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ കോവിഡ് ആശുപത്രികളിൽ ഉപയോഗപ്പെടുത്തുന്നതിലേക്കായി 3,688 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. ഓക്സിജൻ ലഭ്യതയും ആവശ്യത്തിനുണ്ട്.
നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.
ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങൾ നിരീക്ഷിക്കാനും നടപ്പിലാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴിൽ ഓരോ കോഡിനേറ്റർമാരെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 38 കോവിഡ് ആശുപത്രികളിൽ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതിന് നീക്കിവെച്ചതിൽ 685 കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്. 60 ഐ.സി.യു കിടക്കകളും 38 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 360 കിടക്കകളുമാണ് നിലവിൽ ഒഴിവുള്ളത്.
ഒൻപത് സർക്കാർ ആശുപത്രികളിൽ മാത്രമായി 194 കിടക്കകളും 37 ഐ.സി.യു കിടക്കകളും 29 വെന്റിലേറ്ററുകളുമുണ്ട്. 13 സി. എഫ്. എൽ. ടി. സികളിലായി 492 കിടക്കകളും ഒഴിവുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴയുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ ശക്തമായ സംവിധാനമുണ്ട്. ഇതിനായി കോവിഡ് രോഗ പകർച്ച വീടുകളിൽ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ വ്യക്തികൾ വീടുകളിലും മാസ്ക് നിർബ്ബന്ധമായും ധരിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
രോഗികളുമായി സമ്പർക്കമുണ്ടായവരും രോഗലക്ഷണമുള്ളവരും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ വീടുകളിൽ തന്നെ കഴിയുന്നുണ്ട്. ഇത് കാരണം വീടുകളിലുള്ള മുഴുവൻ പേർക്കും രോഗബാധയുണ്ടാകുന്നു. രോഗലക്ഷണങ്ങളുളളവരെ നിർബന്ധമായും ഡൊമിസലറി കെയർ സെന്ററിലേക്കോ എഫ്.എൽ.ടി.സി കളിലേക്കോ മാറ്റി താമസിപ്പിക്കണമെന്ന് ജില്ലാ കലക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.