ജില്ലയിലെ ഹരിത ഓഫീസുകൾ പ്രഖ്യാപിച്ചു


കോഴിക്കോട്: കേരളത്തിലെ പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാതല പ്രഖ്യാപനം തൊഴിൽവകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വി.കെ.സി. മമ്മദ്കോയ എം.എൽ.എ. അധ്യക്ഷനായി. കളക്ടർ എസ്‌. സാംബശിവറാവു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത ഓഡിറ്റിന്റെ ഭാഗമായി 141 ടീമുകളായി 1272 ഓഫീസുകൾ പരിശോധിച്ചു. ഇതിൽ 299 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. 343 ഓഫിസുകൾക്ക് ബി ഗ്രേഡ്, 325 എണ്ണത്തിന് സി ഗ്രേഡ് എന്നിങ്ങനെ 967 ഓഫീസുകളാണ് ഹരിത ഓഫീസ് സാക്ഷ്യപത്രം നേടിയത്.

ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി. നാസർബാബു, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി. നാസർബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.വി. രവികുമാർ എന്നിവർ സംസാരിച്ചു.