ജല അതോറിറ്റിയില്‍ പുതിയ പരീക്ഷണങ്ങള്‍, മികച്ച സേവനം; കൊയിലാണ്ടി സ്വദേശികളെ ലോകമറിയട്ടെ


കൊയിലാണ്ടി: പുത്തന്‍ സാങ്കേതിക വിദ്യ കൊണ്ട് മികച്ച സേവനങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിച്ച് കൊയിലാണ്ടി സ്വദേശികള്‍. കോഴിക്കോട് ജല അതോറിറ്റി ചീഫ് എഞ്ചിനിയര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കുമാരായ ബിജുവും സച്ചിനുമാണ് പുതിയ സോഫ്‌റ്റ്വെയറുകള്‍ രൂപകല്‍പ്പന ചെയ്തത്.

ഐടി യുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗിച്ച് ജല അതോറിറ്റി ജീവനക്കാരുടെ ജോലിഭാരം കുറക്കാനും അതു വഴി പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉടൻ തന്നെ ലഭിക്കാനും സഹായിക്കുന്ന ഒരുപാട് സോഫ്റ്റ് വെയറുകള്‍ ഇവര്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ നൂറു ശതമാനം ഭവനങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി e Tap – web application വികസിപ്പിച്ചു. ഈ ആപ്പിലൂടെ 5 ലക്ഷത്തിനടുത്ത് വാട്ടര്‍ കണക്ഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. കണക്ഷന്‍ സ്ഥിതി ചെയ്യുന്ന ലൊക്കേഷനുകള്‍ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതിനും ഈ application ലൂടെ സാധിക്കുന്നു എന്നതാണ് വലിയ നേട്ടം. KSwift എന്ന ഏകജാലക സംവിധാനത്തിന്റെ KWA യുടെ ഭാഗം ചെയ്തതും ഇവരാണ്.


ലോകത്തിലെവിടെ നിന്നും മലയാളിക്ക് വാട്ടര്‍ കണക്ഷന് അപേക്ഷിക്കാനും അതിന്റെ തുടര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുഴുവനായും ഓണ്‍ലൈനായി തന്നെ ചെയ്യാനും ഉള്ള സംവിധാനങ്ങള്‍ ഉള്ള വലിയ ഒരു സോഫ്റ്റവെയറിന്റെ അവസാന ഘട്ട പണിപ്പുരയിലാണ് ഇവര്‍. ഒരു പ്രാവശ്യം പോലും കണ്‍സ്യൂമര്‍ ഓഫീസില്‍ വരേണ്ട ആവശ്യമില്ല എന്നതാണ് പ്രത്യേകത.
കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് സച്ചിന്‍. ബിജു ബാലുശ്ശേരി കൂട്ടാലിട സ്വദേശിയും.