ചേമഞ്ചേരി, വെള്ളറക്കാട്… ചെറു റെയിൽവേ സ്റ്റേഷനുകൾ ഇല്ലാതാകുമെന്ന് ആശങ്ക


കൊയിലാണ്ടി: പാസഞ്ചർ വണ്ടികൾ എക്സ്പ്രസ്സുകളാക്കുന്നതോടെ ജില്ലയിലെ ആറ് ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികൾ നിർത്തുന്നത് ഇല്ലാതാവുമെന്ന് ആശങ്ക. കണ്ണൂർ -കോയമ്പത്തൂർ (നമ്പർ 56650-56651), മംഗലാപുരം- കോയമ്പത്തൂർ (56323-56324), തൃശ്ശൂർ- കണ്ണൂർ (56602-56603) എന്നി പാസഞ്ചർ തീവണ്ടികളാണ് എക്സ്പ്രസ്സുകളായി മാറുന്നത്. ഇതോടെ ഈ വണ്ടികൾ നിർത്തുന്ന കോഴിക്കോട് ജില്ലയിൽ വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിലെ റെയിൽവേ ഹാൾട്ടുകളിൽ പാസഞ്ചർ വണ്ടികൾ നിർത്താതെയാവും.

സ്വകാര്യ വ്യക്തികൾ കമ്മീഷൻ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽക്കുന്ന ഇടങ്ങൾ ഹാൾട്ട് സ്റ്റേഷനുകളാണ്. എന്നാൽ പയ്യോളി, തിക്കോടി, കൊയിലാണ്ടി, എലത്തൂർ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പാസഞ്ചറുകൾ എക്സ്പ്രസ് ട്രെയിനുകളായാലും നിർത്താൻ സാധ്യതയുണ്ട്. രാവിലെയും വൈകിട്ടും ഒട്ടനവധി യാത്രക്കാർ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഹാൾട്ട് സ്റ്റേഷനുകൾ ഒഴിവാക്കപ്പെടുന്നതോടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലാവുമെന്ന് കൊയിലാണ്ടി റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ.രഘുനാഥ് പറഞ്ഞു.

വെള്ളറക്കാട്, ചേമഞ്ചേരി, വെള്ളയിൽ, ഇരിങ്ങൽ തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിൽ നിന്ന് നൂറു കണക്കിനാളുകൾ അന്യ ജില്ലകളിലേക്കും മറ്റും യാത്ര ചെയ്യാൻ വേണ്ടി പാസഞ്ചർ വണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. അതേപോലെ കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് മറ്റും പോകണ്ട യാത്രക്കാർ വെള്ളയിൽ സ്റ്റേഷനിൽ ഇറങ്ങിയാണ് തുടർ യാത്ര ചെയ്യുക. ആ സ്റ്റേഷനിൽ വണ്ടി നിർത്തിയില്ലെങ്കിൽ ഇവിടെ ഇറങ്ങേണ്ട യാത്രക്കാർ കോഴിക്കോട് പോയി ഇറങ്ങേണ്ട ഗതികേട് വരും. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ വണ്ടികൾ നിർത്തുന്നത് ഒട്ടനവധി ജനകീയപ്രക്ഷോഭത്തെ തുടർന്നായിരുന്നു. മാത്രമല്ല ഈ സ്റ്റേഷൻ സ്വാതന്ത്യ സമരവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ഇവിടെ വണ്ടികൾ നിർത്തുന്നത് ഇല്ലാതായാൽ യാത്രക്കാർ ഏറെ വലയും.

വരുമാന വർധന ലക്ഷ്യമിട്ടാണ് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് ആക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചത്. ഇതിൽ കേരളത്തിലെ 10 പാസഞ്ചറും ഉൾപ്പെടുന്നതാണ് വിവരം. പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് ആയി മാറുമ്പോൾ യാത്ര നിരക്കും ഇരട്ടിയിലധികമാകും. സ്റ്റോപ്പുകളുടെ എണ്ണവും കുറയും. തീവണ്ടി ഗതാഗതം സാധാരണഗതിയിൽ ആകുമ്പോഴാണ് പുതിയ പരിഷ്ക്കാരം നിലവിൽ വരിക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക