‘ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം, പദ്ധതികള്‍ മുടങ്ങി’; അവിശ്വാസ പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നോതാവ് യു.കെ ഉമ്മര്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം നല്‍കിയതെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രസിഡന്റിനെ മാറ്റി നിര്‍ത്തിയാല്‍ ഏഴെ-ഏഴെന്ന കക്ഷിനിലയാണ് ഇരു പാര്‍ട്ടികള്‍ക്കും. എല്‍.ഡി.എഫ് ഘടക കക്ഷികള്‍ക്കുള്ളില്‍ നിലവില്‍ ചില അസ്വാരസ്യങ്ങുണ്ട്. അവര്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍കുകയോ, അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ ചെയ്താല്‍ മാത്രമേ എല്‍.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയുള്ളൂവെന്നും ഉമ്മര്‍ വ്യക്തമാക്കി.

ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മിക്കവയും മുടങ്ങിക്കിടക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചു. കൃഷിക്കാരാണ് ഇതില്‍ ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. കൃഷിക്കാര്‍ക്കുള്ള വളം സബ്സിഡി, തെങ്ങിന്‍തൈ ആനുകൂല്യം, സുഫലം പദ്ധതി തുടങ്ങിയവയെല്ലാം മുടങ്ങി. മഴയെ തുടര്‍ന്ന് പുഞ്ചകൃഷി വെള്ളത്തിലായി. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കേണ്ട ആട്ടിന്‍ കുട്ടി, കാലിത്തൊഴുത്ത്, കിണര്‍, കമ്പോസ്റ്റ് എന്നിവയൊന്നും ഇതേവരെ ലഭ്യമാക്കിയിട്ടില്ല. വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച മാലിന്യം പഞ്ചായത്ത് ഓഫീസിനു സമീപം കെട്ടിക്കിടക്കുകയാണ്. ഇവിടെ കൊതുകുകളുടെ ആവാസ കേന്ദ്രമാണ്. നായ്ക്കളും മറ്റുംവന്ന് മാലിന്യങ്ങള്‍ വലിച്ച് കീറിയിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പതിനഞ്ചാം വാര്‍ഡില്‍ എസ്.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ടാങ്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കാലമത്രയും അത് കൈമാറിയിട്ടില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം ജനങ്ങളാണ് വലയുന്നതെന്നും അദ്ദേഹം പറഞ്ഞു.

15 വാര്‍ഡാണ് ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ആകെയുള്ളത്. എട്ട് സീറ്റുകളുള്ള എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും എല്‍.ജെ.ഡിക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് അഞ്ച്, മുസ്ലീം ലീഗിന് രണ്ട് എന്നതാണ് യു.ഡി.എഫിന്റെ കക്ഷി നില. ഒരംഗത്തിന്റെ ഭുരിപക്ഷത്തിലാണ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നേടിയത്. പ്രസിഡന്റ് മെഡിക്കല്‍ അവധിയിലായതിനാല്‍ കക്ഷിനില 7-7 ആണ്. ചെറുവണ്ണൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സി.പി.എം എല്‍.ജെ.ഡിയുമായും അത്ര രസത്തിലല്ല. അതിനാല്‍തന്നെ സി.പി.എം വളരെ ഗൗരവത്തോടെയാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.