ചെങ്ങോടുമല ക്വാറി; ലക്ഷ്യം വർഷത്തിൽ 10.60 ലക്ഷം ടൺ കരിങ്കല്ലിന്റെ ഖനനമെന്ന് വിവരാവകാശരേഖ


പേരാമ്പ്ര: കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ചെങ്ങോടുമലയിൽ സംസ്ഥാനത്തെ വലിയ കരിങ്കൽ ക്വാറി തുടങ്ങാൻ ലക്ഷ്യമിടുന്നതായി വിവരാവകാശരേഖ. സംസ്ഥാന പാരിസ്ഥിതികാഘാത നിർണയസമിതിക്ക് ക്വാറി തുടങ്ങാനായി നൽകിയ അപേക്ഷയിലാണ് ഭാവിയിൽ പൊട്ടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന കരിങ്കല്ലിന്റെ കണക്കുള്ളത്. ചെങ്ങോടുമല ഖനനവിരുദ്ധ കർമസമിതി പ്രവർത്തകനായ ലിനീഷ് നരയംകുളം വിവരാവകാശ അപേക്ഷപ്രകാരം ശേഖരിച്ച വിവരമാണിത്.

മഞ്ഞൾക്കൃഷി നടത്താനാണ് സ്ഥലമെന്നായിരുന്നു സ്ഥലം വാങ്ങുമ്പോൾ പറഞ്ഞത്. 20 ശതമാനം സ്ഥലത്ത് മാത്രം ക്വാറി തുടങ്ങുമെന്നാണ് പിന്നീട് പറഞ്ഞത്. മുഴുവൻസ്ഥലത്തും ക്വാറി തുടങ്ങാനാണ് ലക്ഷ്യമെന്ന രേഖയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളതെന്ന് കർമസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചെങ്ങോടുമലയിലെ 100 ഏക്കർ സ്ഥലത്ത് കരിങ്കൽ ക്വാറി തുടങ്ങാൻ ലക്ഷ്യമിടുന്ന സൂപ്പർ ക്വാറിപദ്ധതി പ്രൊപ്പോസലാണ് സംസ്ഥാന പാരിസ്ഥിതികാഘാതസമിതിക്ക് മുമ്പാകെ സ്വകാര്യ കമ്പനി സമർപ്പിച്ചിട്ടുള്ളതെന്ന് രേഖ വ്യക്തമാക്കുന്നു. പ്രസ്തുത മേഖലയിൽ 80 ഏക്കർ സ്ഥലത്തുും കരിങ്കല്ലുമുണ്ടെന്നും ഒരു ഏക്കറിൽനിന്ന് നാല് ലക്ഷം ടണ്ണിലധികം പൊട്ടിച്ചെടുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. 30 വർഷത്തോളംനീളുന്ന ഖനനമാണ് ഉദ്ദേശിക്കുന്നത്. 30 വർഷം കൊണ്ട് 3.2 കോടി ടൺ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പദ്ധതിയിലെ കണക്കുകൂട്ടൽ. വർഷത്തിൽ 10.60 ലക്ഷം ടൺ കരിങ്കല്ല് ഖനനം ഇങ്ങനെ നടക്കും. 150 കോടി രൂപ പദ്ധതിക്കായി മുടക്കാനും ഇതിൽ റോഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ രണ്ടുകോടി വരുമെന്നും പദ്ധതിരേഖയിൽ പറയുന്നു.

കളക്ടർ നിയോഗിച്ച വിദഗ്ധസമിതി ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് പറഞ്ഞിട്ടും ആറ് ഗ്രാമസഭകൾ ഖനനത്തിനെതിരേ പ്രമേയം പാസാക്കിയിട്ടും സംസ്ഥാന ഏകജാലകബോർഡും സംസ്ഥാന പാരിസ്ഥിതികാഘാത നിർണയസമിതിയും ജനങ്ങളെ വെല്ലുവിളിച്ച് ഖനനത്തിന് അനുമതി നൽകാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണെന്ന് സമരസമിതി ആരോപിച്ചു. ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കുന്നതിനായി ശക്തമായ ജനകീയസമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ചീനിക്കൽ, ചെയർമാൻ വി.വി. ജിനീഷ്, ട്രഷറർ ബിജു കൊളക്കണ്ടി, ജോ.കൺവീനർ ലിനീഷ് നരയംകുളം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.