ചുഴി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുധീഷ് ടി എഴുതിയ കഥ


ചുഴി……

ചില ആളുകൾ അങ്ങിനെയാണ് അവർ നമ്മളെ വന്നു കാണിച്ചു പോയിക്കഴിഞ്ഞാലും ഒരു വിങ്ങലും വേദനയും ദിവസങ്ങളോളം നമ്മുടെ ഉള്ളിൽ തന്നെ നിൽക്കും.
“രാഘവപണിക്കർ എന്ന് മുഴുവൻ എഴുതണം ” വന്ന ഉടനെ ഉള്ള അദ്ദേഹത്തിന്റെ ഡിമാൻഡ് അതായിരുന്നു, ഏകദേശം ഒരു തൊണ്ണൂറ് വയസു തോന്നിക്കുന്ന ഒരു വൃദ്ധൻ പക്ഷെ പ്രായത്തെ വെല്ലുന്ന ആരോഗ്യവും തലയെടുപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി കാണാൻ തന്നെ ഒരു ഭംഗിയാണ്.
“എന്താണ് അമ്മാവാ പ്രശ്നം” എന്ന ചോദ്യത്തിന് കക്ഷി മറുപടി ഒന്നും പറഞ്ഞില്ല. വയസായതല്ലേ കേൾക്കാഞ്ഞിട്ടായിരിക്കും എന്നു കരുതി ഞാൻ ഒന്നൂടെ ഉച്ചത്തിൽ ചോദിച്ചു “എന്താണ് പ്രശ്നം” മറുപടി ഉടനെ എത്തി “എനിക്ക് ചെവി കേൾക്കാം, ഡോക്ടർ നിങ്ങൾ മുന്നിലിരിക്കുന്ന ആളുകളെ കൊച്ചായി കാണരുത്, നിങ്ങൾക്കെന്നെ മിസ്റ്റർ രാഘവ പണിക്കർ എന്നോ അല്ലെങ്കിൽ മിസ്റ്റർ പണിക്കർ എന്നോ വിളിക്കാം ഈ ചേട്ടാ അമ്മാവാ വിളിയൊക്കെ വളരെ ഔട്ട്ഡേറ്റഡ് ആണ്.”
കൂടം കൊണ്ട് തലക്കൊരു അടികിട്ടിയത് പോലെ ആണ് തോന്നിയത്. ഒരു നിമിഷം കൊണ്ട് എന്റെ ഈഗോയും വിഷപ്പുകപോലെ പതഞ്ഞു പൊങ്ങി “എന്താണ് ഇദ്ദേഹത്തിന്റെ പ്രശ്നം” ചോദ്യം ഞാൻ കൂടെ വന്ന ആളോടാക്കി പക്ഷെ കൂടെ വന്ന കക്ഷി ഒരക്ഷരം മിണ്ടുന്നില്ല.
“അങ്ങോട്ട്‌ ചോദിക്കണ്ട ഡോക്ടറെ എന്നോടുള്ള ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ പറയും അതാണ് ശീലം അതാണ് രീതി.”മംഗലശ്ശേരി നീലകണ്ഠൻ.ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് ഞാൻ എന്നെ തന്നെ പ്രാകി.
“എനിക്ക് കുറച്ചു ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ട് സാധാരണ ഒരു ജലൂസിലിൽ മാറുന്നതാണ് പക്ഷെ ഇപ്പോൾ രണ്ടു ദിവസമായി ശെരിയാവുന്നില്ല. അതോണ്ട് നിങ്ങൾ എനിക്ക് ഒരു മൂന്ന് ദിവസത്തേക്കുള്ള ഗുളിക എഴുതിക്കോളൂ പിന്നെ ശോധനക്കുള്ള മരുന്നും എഴുതി വെച്ചോളൂ എപ്പോഴാ ആവശ്യം വരികാന്നു പറയാൻ പറ്റൂലലോ. ആ ഒരുകാര്യം മറന്നു പോയി മൂക്കിൽ ഉറ്റിക്കുന്ന തുള്ളി മരുന്ന് പുതിയത് വല്ലതും വന്നിട്ടുണ്ടേൽ രണ്ടു ബോട്ടിൽ എഴുതിക്കോ.”

പുള്ളി പറഞ്ഞു നിർത്തി എന്നാൽ പിന്നെ സ്വന്തമായി അങ്ങ് വാങ്ങിയാൽ പോരെ എന്ന ചോദ്യം നാവിന്റെ തുഞ്ചത്ത് വന്നു തത്തി കളിച്ചതാണ് പക്ഷെ ചോദിച്ചില്ല.ആദ്യം കിട്ടിയ ഡോസിന്റെ ക്ഷീണം തന്നെ മാറിയിട്ടുണ്ടായിരുന്നില്ലലോ പിന്നെങ്ങിനെ ചോദിക്കാൻ.
പരിശോധന കഴിഞ്ഞു മരുന്നെഴുതി നീട്ടിയപ്പോൾ അദ്ദേഹം ഒരു കവർ എടുത്തു എന്റെ നേരെ നീട്ടി കുറച്ചു ടെസ്റ്റ്‌ റിസൾട്ട്‌കൾ ആണ് നോക്കിയപ്പോൾ പ്രൊസ്റ്റേറ്റ് കാൻസർ നെ സൂചിപ്പിക്കുന്ന ടെസ്റ്റിൽ ഒരു കുഴപ്പം, ഞാൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു മിസ്റ്റർ പണിക്കർ നിങ്ങളുടെ ഈ ടെസ്റ്റിൽ കുറച്ചു പ്രശ്നം കാണുന്നുണ്ട് ഒരു യൂറോളജിസ്റ്റിനെ കാണണം ഞാൻ പറഞ്ഞു നിർത്തി.
കക്ഷിടെ മുഖത്ത് ഒരു ഭാവഭേദവുമില്ല.

“എന്താ ശെരിക്കും പ്രശ്നം” എന്നോടാണ്.
“ഒരു ടെസ്റ്റ്‌ റിസൾട്ടിൽ കാൻസർ ആണോ എന്ന ഒരു സംശയം, വെറും ഒരു ചെറിയ സംശയം മാത്രമേ ഉള്ളു ഇല്ല എന്ന് ഉറപ്പ് വരുത്താനാണ് യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞത്.”

“ഡോക്ടറെ എനിക്ക് അങ്ങനെ വല്യ കുഴപ്പം ഒന്നുമില്ല ഞാൻ പൊതുവെ ഡോക്ടർമാരെ കാണാറേ ഇല്ല. പണ്ട് ചില അസുഖം വന്നപ്പോൾ ഞാൻ ഡോക്ടർ സി ബി സി വാര്യരെ കാണിച്ചിരുന്നു ഒന്ന് രണ്ടു തവണ കാണിച്ചപ്പോഴേക്കും അയാള് മരിച്ചു, പിന്നെ ഡോക്ടർ ജേക്കബ് ചെറിയാനെ കാണിച്ചു മൂന്നു മാസം കഴിഞ്ഞപ്പോൾ അയാളും പോയി. പിന്നെ ഫാത്തിമ ഹോസ്പിറ്റലിലെ ആംബുജാക്ഷൻ ഡോക്ടറെ കാണിച്ചു അയാളെ ഒന്നിഷ്ടപ്പെട്ടു വന്നപ്പോഴേക്കും… അയാൾ മുഴുമിപ്പിചില്ല, ഒരു നിമിഷം എന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി കൊണ്ടായാൾ പറഞ്ഞു “അതിനു ശേഷം ഇപ്പോൾ നിങ്ങളാണ് ” പണിക്കരുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം.
എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി പിന്നെ അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല….കൂടെ വന്നയാൾ ചോദിച്ചു “ഇനി എന്നാ വരണ്ടത് ” എന്താണ് പറയേണ്ടതെന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചിരുന്നു. ഒടുവിൽ വിക്കി വിക്കി ഉത്തരം പറയുമ്പോൾ എന്റെ തൊണ്ട വരണ്ടിരുന്നു……

Dr Sudheesh T