ചക്കിട്ടപ്പാറയില്‍ വന്യമൃഗശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍


ചക്കിട്ടപാറ: പെരുവണ്ണാമൂഴി, മുതുകാട്, ചെങ്കോട്ടക്കൊല്ലി, വട്ടക്കയം പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷം. വനഭൂമിയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലാണ് കുരങ്ങ്, മലയണ്ണാന്‍ എന്നിവ നാശം വിതയ്ക്കുന്നത്. സൗരവേലി പ്രവര്‍ത്തിക്കാത്തതിനാല്‍ കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്.

ഇടവിളകള്‍, തേങ്ങ, കരിക്ക്, അടയ്ക്ക, കൊക്കോ, വാഴ എന്നിവ വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പ്രദേശത്തെ പുഴയില്‍ മരം വീണു കിടക്കുന്നതിനാല്‍ ഒഴുക്ക് തടസപ്പെട്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

വനം വകുപ്പ് അധികൃതര്‍ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കണമെന്നാണ് ആവശ്യം. മരക്കൊമ്പ് മുറിച്ചു നീക്കാനും, സൗരവേലി പ്രവര്‍ത്തിപ്പിക്കാനും വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.