ചക്കിട്ടപാറ സ്റ്റേഡിയം പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരെ ഗ്രാമസഭയിൽ ഒറ്റയാൾ പ്രതിഷേധം; മറുപടി പറയാതെ പഞ്ചായത്ത് പ്രസിഡന്റ്


പേരാമ്പ്ര: ടി.പി രാമകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ 60 കോടി രൂപ വകയിരുത്തി ചക്കിട്ടപാറയിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം നീക്കണമെന്ന ആവശ്യവുമായി ഗ്രാമസഭയിൽ പ്രതിഷേധം.

കായിക പ്രേമികളെ നിരാശരാക്കരുതെന്ന തലക്കെട്ടിൽ പ്ലക്കാർഡ്‌ തയാറാക്കി കഴുത്തിൽ തൂക്കി പൊതു പ്രവർത്തകൻ രാജൻ വർക്കിയാണു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ നടന്ന പതിനൊന്നാം വാർഡ് ഗ്രാമസഭ യോഗത്തിലെത്തിയത്. ഈ വാർഡിലാണു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്നു മുൻ സർക്കാരിൻ്റെ ഭരണ കാലത്ത് പ്രഖ്യാപിച്ചത്. നാല് വർഷം കഴിഞ്ഞിട്ടും സ്റ്റേഡിയം കടലാസിൽ തന്നെ ഒതുങ്ങിയിരിക്കുകയാണ്.

സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പോരാട്ടം തുടർന്നാലെ കാര്യങ്ങൾ നേടിയെടുക്കാനാവുകയുള്ളുയെന്നു ഗ്രാമസഭ യോഗത്തിൽ സംസാരിച്ചു പ്രസിഡൻ്റ് വിഷയം അവസാനിപ്പിച്ചു. യോഗശേഷം കമ്മ്യൂണിറ്റി ഹാളിൻ്റെ ഗേറ്റിൽ രാജൻ വർക്കി പ്രതിഷേധം തുടർന്നു.

സ്റ്റേഡിയത്തിനായി കോളനി നിവാസികളുടേതടക്കം മുപ്പതോളം സ്വകാര്യ സ്ഥലം കണ്ടെത്തി സർവ്വെ നടത്തിയതായി രാജൻ വർക്കി ചൂണ്ടിക്കാട്ടി. ഭൂപരിശോധനയും നടന്നു. ഡി.പി.ആർ തയാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകി. ഇതിനെല്ലാം നേതൃത്വം നൽകിയത് മന്ത്രിയുടെ നിർദ്ദേശത്തിൽ ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇ.എസ് ജെയിംസാണ്.

അതേസമയം പിന്നീട് ചില പ്രാദേശിക രാഷ്ട്രീയ ലോബികൾ സ്റ്റേഡിയത്തിനെതിരെ നിലപാട് സ്വീകരിച്ചതോടെയാണു അനിശ്ചിതത്വത്തിനു തുടക്കം കുറിച്ചത്. മുൻ സർക്കാരിൻ്റെ കാലത്ത് 60 കോടി കിഫ്ബിയിൽ നിന്നു വകയിരുത്തിയാണു ചക്കിട്ടപാറ അന്താരാഷ്ട്ര സ്റ്റേഡിയം സ്ഥാപനത്തിനു ആരംഭം കുറിച്ചത്. സർക്കാർ മാറിയതോടെ പദ്ധതിയും ഫണ്ടും വക മാറ്റിക്കഴിഞ്ഞതായി സംശയം ഉയർന്നിട്ടുണ്ടെന്നു രാജൻ വർക്കി ആരോപിച്ചു.