അച്ചടക്കലംഘനം: ലത്തീഫ് തുറയൂര്‍ അടക്കമുള്ള എം.എസ്.എഫ് നേതാക്കളെ മുസ്ലീം ലീഗ് സസ്‌പെന്റ് ചെയ്തു


കോഴിക്കോട്: എം.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കളെ മുസ്ലീം ലീഗ് സസ്‌പെന്റ് ചെയ്തു. ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ ഇവരെ നീക്കം ചെയ്തു. ഗുരുതരമായ അച്ചടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.

സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.എം.ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി.ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി

ഹരിത വിഷയത്തില്‍ പി.കെ.നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനെ എം.എസ്.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നല്‍കിയത്. വിഷയത്തില്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിനെതിരെയടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഹരിത വിവാദത്തില്‍ എം.എസ്.എഫിന്റെ മിനുട്‌സ് തിരുത്താന്‍ പി.എം.എ.സലാം ആവശ്യപ്പെട്ടിരുന്നു. താനതിന് തയ്യാറായിരുന്നില്ലെന്നുമാണ് ലത്തീഫ് പറഞ്ഞത്. ഒറിജിനല്‍ മിനുട്‌സ് എം.എസ്.എഫ് നേതാക്കളുടെ പക്കലാണ്, തന്റെ കൈയ്യിലില്ല. മിനുട്‌സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പുറകെയാണ്. ഒറിജിനല്‍ മിനുട്‌സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്‌സാണ് കൊടുക്കുന്നതെങ്കില്‍, താന്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ.നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്നടക്കം സസ്‌പെന്റ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.