ചക്കിട്ടപാറ പത്താം വാര്‍ഡ് ഇനി സ്മാര്‍ട്ടാക്കും; പൊതുജനങ്ങള്‍ക്കായി വാര്‍ഡ് മെമ്പറുടെ നേതൃത്വല്‍ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ജനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുങ്ങുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, പഞ്ചായത്ത് അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം ഇനി ഒറ്റക്ലിക്കിലൂടെ സാദ്ധ്യമാക്കാം.

പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അപേക്ഷ മാതൃക മുതല്‍ പരിഹാരം ലഭ്യമാകുന്നത് വരെയുള്ള സേവനങ്ങളും, സഹായങ്ങളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും, ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ടാകും. കോഴിക്കോട് ജില്ലയിലെ പ്രധാന ആശുപത്രികളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, മറ്റ് ഓഫീസുകളുടെയും വിവരങ്ങള്‍, ചക്കിട്ടപാറയിലെ കച്ചവട സ്ഥാപനങ്ങള്‍, പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂബ് ഇന്നോവേഷന്‍ ടെക്നോളജീസ് ആണ് ആപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളുടെയും വിവര ശേഖരണം ഇതിനോടകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുതാര്യമായ അവകാശങ്ങള്‍ പത്താം വാര്‍ഡിലെ ജനങ്ങള്‍ക്കിനി വിരല്‍ത്തുമ്പില്‍ അനുഭവിക്കാന്‍ കഴിയുമെന്ന് വാര്‍ഡ് മെമ്പറും പദ്ധതിയുടെ ആസുത്രകനുമായ ഇ എം ശ്രീജിത്ത് വ്യക്തമാക്കി.