ഗതാഗതക്കുരുക്ക് രൂക്ഷമാണ്, കൊയിലാണ്ടിയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വേണമെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഗതാഗതക്കുരുക്കിന് പരിഹാമായി ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. സിഗ്നല്‍ സംവിധാനം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
നഗരത്തില്‍ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിട്ട് ചരക്ക് ഇറക്കുന്നത് പതിവ് കാഴ്ചയാണ്. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് മുതല്‍ പഴയ ആര്.ടി.ഒ ഓഫീസുവരെ പത്തോളം പോക്കറ്റ് റോഡുകള്‍ നഗരത്തിലുണ്ട്. കൃഷ്ണ തിയ്യേറ്റര്‍,എല്‍.ഐ.സി റോഡ്,ബോയ്സ് ഹൈസ്ക്കൂള് റോഡ്,പോസ്റ്റോഫിസ് റോഡ്,മേല്‍പ്പാലം റോഡ്,ബസ്സ് സ്റ്റാന്റ് റോഡ്,ബപ്പന്‍കാട് ജംഗ്ഷന്,മാര്‍ക്കറ്റ് റോഡ്,കൊരയങ്ങാട് റോഡ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ തിരിയുന്നതും ,ഈ റോഡുവഴി ദേശീയ പാതയിലേക്ക് വാഹനങ്ങള്‍ കയറുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നു.
സി.സി.ടി.വി സ്ഥാപിക്കാനും ഇതുവരെ നടപടിയായിട്ടില്ല. ദേശീയ പാതയ്ക്ക് സമാന്തരമായി കിടക്കുന്ന ഇട റോഡുകളില്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുളള വീതി ഇല്ല. ടാറിങ് പോലും ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
കൊയിലാണ്ടി ബോയ്സ് ഹൈസ്ക്കൂള്, റെയില്‍വേ സ്റ്റേഷന് റോഡ് വഴി ചെറു വാഹനങ്ങള്‍ കടത്തി വിട്ട്, റെയില്‍വേ മേല്‍പ്പാലത്തിനടിയിലൂടെ ബപ്പന്‍കാട്, മാര്‍ക്കറ്റ് റോഡ് വഴി ദേശീയ പാതയിലെക്കെത്തിക്കണമെന്നും ഈ റോഡ് വണ്വേയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സി.സി.ടി.വി സ്ഥാപിക്കാന്‍ നടപടിയുണ്ടാകുമെന്ന് നഗരസഭ വൈസ് ചെയര്മാന് കെ.സത്യന് അറിയിച്ചു.