കോവിഡ് വ്യാപനം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു


കൊയിലാണ്ടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രി മേധാവികളുമായി അവലോകന യോഗം നടത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. രോഗമുള്ളവരെ ക്വാറന്റൈന്‍ ചെയ്ത് കൊണ്ട് വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരം താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് ക്രമീകരിക്കുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും അദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റ്‌പോസിറ്റീവ് നിരക്ക് കൂടുതലായ ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ അവലോകനം നടത്തി. താലൂക്ക് ആശുപത്രിയിലെ 20 ശതമാനം കിടക്കകള്‍ കോവിഡ് വാര്‍ഡിനായി മാറ്റിവെക്കും. ഏത് അടിയന്തിര ഘട്ടത്തിലും ഉപയോഗിക്കാന്‍ തയ്യാറായി കഴിഞ്ഞതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പ്രതിഭ പറഞ്ഞു.

ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.കെ.സി.രമേശും ഡി.എം.ഒ.യോടൊപ്പം ഉണ്ടായിരുന്നു. താലൂക്ക് നോഡല്‍ ഓഫീസര്‍ ഡോ.ബി.സന്ധ്യാ കുറുപ്പ്, ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഡി.എം.ഒ.യെ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ.സി.സുധീഷ്, ഡോ സുകോശ്, ഡോ.സുനില്‍കുമാര്‍, ഡോ. ഫസല്‍, ഡോ. ദീപ്തി, തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.