കോവിഡ് : കോഴിക്കോട് ജില്ലയിലെ വൃദ്ധമന്ദിരങ്ങള്‍ ജാഗ്രത പാലിക്കണം


കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളും, ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെയും സൈക്കോസോഷ്യല്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍കരണ പരിപാടി സംഘിപ്പിച്ചു. സ്ഥാപനങ്ങളില്‍ താമസക്കാരും ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. രാഹുല്‍ നിര്‍ദ്ദേശിച്ചു.

താമസക്കാരെ പരിചരിക്കുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം, താമസക്കാരും ജീവനക്കാരും സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കണം, പനി ജലദോഷം തുടങ്ങി ഏതെങ്കിലും രോഗലക്ഷമമുളളവരെ ഉടന്‍ മാറ്റി താമസിപ്പിക്കുവാനും എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും, സ്ഥാപനങ്ങളില്‍ നടപ്പിലാക്കുകയും ചെയ്യണം,. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌കകളുടെ നമ്പറുകള്‍ സൂക്ഷിക്കണമെന്നും സ്ഥാപനത്തിലെ താമസക്കാരുടെ വാക്സിനേഷന്‍ ഉറപ്പുവരുത്തണമെന്നും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി . ടെക്നിക്കല്‍ അസിസ്റ്റ്ന്റ് അഖില്‍ വി.ബി സ്വാഗതം പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷറഫ് കാവില്‍ അധ്യക്ഷത വഹിച്ചു.