കോഴിക്കോട് വീട്ടുവളപ്പിലേക്ക് ലോറി ഇടിച്ചുകയറി, ഒരാൾ മരിച്ചു


കോഴിക്കോട്: ചേവായൂർ കാവ് സ്റ്റോപ്പിന് സമീപം ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ലോറി ക്ലീനർ തമിഴ്‌നാട് കേശവപുരം സ്വദേശി പപ്പറിയാൻ (25) ആണ് മരിച്ചത്. ബന്ധുക്കളായ കേശവപുരം സ്വദേശികളായ ഡ്രൈവർ അയ്യപ്പൻ (45), സഹായി മുത്തു (25) എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പന് സാരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽപ്പെട്ട ലോറിക്കുള്ളിൽ കുടുങ്ങിയ ക്ളീനറെ ഹൈഡ്രോളിക്‌ കട്ടർ ഉപയോഗിച്ച് ലോറി വെട്ടിപ്പൊളിച്ചാണ് വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന പുറത്തെടുത്തത്. ടയർപൊട്ടി നിയന്ത്രണംവിട്ടാണ് ലോറി മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കാവ് ബസ് സ്റ്റോപ്പിനുസമീപം മുൻ കൗൺസിലർ ‘വൈഷ്ണവി’യിൽ പ്രൊഫ. സേതുമാധവൻ നായരുടെ വീടിന്റെ ചുറ്റുമതിലിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഗെയ്റ്റ്, കാർ പോർച്ച് എന്നിവ തകർന്നിട്ടുണ്ട്. നാല് ഇലക്‌ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമർ എന്നിവയും തകർന്നു. മംഗളൂരുവിൽനിന്ന് ലോഡുമായി തിരുവനന്തപുരത്ത് ടൈറ്റാനിയം കമ്പനിയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് മെഡിക്കൽകോളേജ് പോലീസ് പറഞ്ഞു.