കോഴിക്കോട് ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ കാരന്തൂർ ടൗൺ മസ്ജിദിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകൻ നിഹാൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
പെയിന്ററായി ജോലി ചെയ്യുകയായിരുന്ന നിഹാൽ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അർജുൻ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. നിഹാലിൻറെ മാതാവ്: നഫീസ. സഹോദരങ്ങൾ: നൂരിയ. പരേതയായ നഹീദ.
കോഴിക്കോട് ജില്ലയിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. അമിതവേഗതയും ആശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നതാകുന്നതെന്നാണ് പൊലീസ് പറയുന്നത്. ഗുണ നിലവാരമുള്ള ഹെൽമറ്റ് ശരിയായ രീതിയിൽ ധരിക്കാത്തതും അപകടത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഇരുചക്രവാഹനം ഒരു പരിധി കടന്ന് വേഗം കൂടിയാൽ പിന്നെ നിയന്ത്രിക്കുക പ്രയാസമാകും. മഴയിൽ റോഡിലെ കുഴികളും അപകടം ക്ഷണിച്ച് വരുത്തുന്നുണ്ട്.