കോഴിക്കോട് ജില്ലയിൽ പരക്കെ മഴ, കനത്ത നാശനഷ്ടം


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. ശക്തമായ കാറ്റും വീശുന്നു. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ട്. കടല്‍ക്ഷോഭവും ശക്തമാണ്. വിവിധ ഇടങ്ങളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി 21 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി.

രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ചോറോട് സ്റ്റേഡിയം ഭാഗത്തെ പത്ത് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. എംഎസ്യുപി സ്‌കൂള്‍ പരിസരത്തെ വീടുകളും, ചേന്ദമംഗലം വയല്‍ഭാഗത്തെ ഇരുപതിലേറെ വീടുകളും ഭീഷണിയിലാണ്. കൊയിലാണ്ടിയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

താമരശേരി മലയോര ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വനത്തിലും മഴ ശക്തമാണ്. ഇതിനെ തുടര്‍ന്ന് പൂനൂര്‍ പുഴ, കൈതപ്പൊയില്‍ പുഴ, ഇരുതുള്ളിപ്പുഴ എന്നിവ കാവിഞ്ഞൊഴുകി. ഇനിയും മഴ തുടര്‍ന്നാല്‍ ഈങ്ങാപ്പുഴ, വാവാട്, നെല്ലാങ്കണ്ടി ഭാഗങ്ങളില്‍ വെള്ളം പൊങ്ങിയേക്കാം. ബാലുശേരി കൂരാച്ചുണ്ട് റോഡില്‍ എരപ്പാംതോട് റോഡില്‍ തെങ്ങുവീണ് ഗാതഗതം അല്‍പ്പനേരം സ്തംഭിച്ചു. ഏറാമല മമ്പള്ളീമ്മല്‍ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. കൊടിയത്തൂര്‍ മാട്ടുമുഴി കോളനിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കോട്ടൂളിയില്‍ ഒരു വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു.