കോഴിക്കോടിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് മൂന്ന് മന്ത്രിമാര്‍; നാടിനൊന്നാകെ ആഹ്ലാദം,


കോഴിക്കോട്: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ കോഴിക്കോടിന് മൂന്ന് മന്ത്രിമാര്‍. അനുഭവസമ്പത്തുമായി രഎ കെ ശശീന്ദ്രന് രണ്ടാമൂഴമാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസും ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും പുതുമുഖങ്ങളാണ്. കഴിഞ്ഞതവണ ജില്ലയില്‍നിന്ന് രണ്ട് മന്ത്രിമാരായിരുന്നു. എന്‍സിപി നേതാവായ ശശീന്ദ്രന്‍ കഴിഞ്ഞതവണ ഗതാഗതമന്ത്രിയായിരുന്നു. പേരാമ്പ്രയില്‍നിന്ന് വിജയിച്ച ടി പി രാമകൃഷ്ണന്‍ തൊഴില്‍–എക്സൈസ് വകുപ്പ് മന്ത്രിയും. ശശീന്ദ്രന്‍ എലത്തൂരില്‍നിന്നാണ് വീണ്ടും നിയമസഭാംഗമായത്.

മുഹമ്മദ് റിയാസ് ബേപ്പൂര്‍ എംഎല്‍എയാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ റിയാസ് വിദ്യാര്‍ഥി–യുവജനപ്രസ്ഥാനത്തിലൂടെയാണ് നേതൃനിരയിലേക്ക് ഉയര്‍ന്നത്.

അഹമ്മദ് ദേവര്‍കോവില്‍

1994ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ ഐഎന്‍എല്ലിന്റെ ഭാഗമായി നിലയുറപ്പിച്ചു അഹമ്മദ് ദേവര്‍കോവില്‍. ഐഎന്‍എല്ലിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഐഎന്‍എല്‍ നാദാപുരം മണ്ഡലം പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്.

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അനുയായിയും സികെപി ചെറിയ മമ്മുക്കേയിയുടെയും പി എം അബൂബക്കറിന്റെയും ശിഷ്യനുമാണ്. അടിയന്തരാവസ്ഥയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. അനുഭവസമ്പത്തുമായി കോഴിക്കോടിന്റെ മണ്ണില്‍ നിന്നും അഹമ്മദ് ദേവര്‍കോവില്‍ ഇനി മന്ത്രിസഭയിലേക്ക്

മുഹമ്മദ് റിയാസ്

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഇളമുറക്കാരനായി പി എ മുഹമ്മദ് റിയാസ് എത്തുമ്പോള്‍ കോഴിക്കോടിനാകെ അഭിമാനം. റിയാസിന്റെ മന്ത്രിപദവി ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കും പുതിയ നിറം നല്‍കും. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇരട്ടി വോട്ട് ഭൂരിപക്ഷം നേടിയാണ് യുഡിഎഫിലെ പി എം നിയാസിനെ തോല്‍പ്പിച്ച് നിയമസഭാംഗമായത്. പ്രീഡിഗ്രിയും ബിരുദവും പഠിച്ച ഫാറൂഖ്കോളേജ് ഉള്‍പ്പെടുന്ന ബേപ്പൂര്‍ മണ്ഡലത്തിന് കൂടുതല്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവായിരുന്നു റിയാസ് എന്നത് വിജയത്തിന്റെ തിളക്കവും കൂട്ടി.

ഡിവൈഎഫ്‌ഐ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ച മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനും സംഘപരിവാരത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായും ദേശവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുണ്ട്. ബീഫ് നിരോധനത്തിനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തില്‍ ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്യപ്പെട്ടു. ഹരിയാനയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊന്ന ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുത്തതും റിയാസ് ആയിരുന്നു.

എകെ ശശീന്ദ്രന്‍

ഗതാഗതമേഖലയില്‍ മികച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ ജനകീയ മന്ത്രി. കണ്ണൂരില്‍നിന്നെത്തി എലത്തൂരിന്റെ ചുവന്ന മണ്ണില്‍ ചുവടുറപ്പിച്ച ശശീന്ദ്രനെ വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണയും നിയമസഭയിലേക്കയച്ചത്. മണ്ഡലം രൂപീകരിച്ചതുമുതല്‍ ശശീന്ദ്രനാണ് എലത്തൂരിനെ പ്രതിനിധീകരിച്ചത്. 2011ല്‍ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ 2016ല്‍ ഇരട്ടിയാക്കി. 29,057. ഇത്തവണ 38,502 വോട്ടിനായിരുന്നു ജയം. എലത്തൂരിന്റെ സര്‍വ മേഖലയിലും വികസനത്തിന്റെ വെട്ടം തെളിയിച്ചതിന് ജനങ്ങള്‍ നല്‍കിയ സമ്മാനമായിരുന്നു ജില്ലയിലെ വലിയ ഭൂരിപക്ഷം.

വിദ്യാര്‍ഥി കാലഘട്ടത്തില്‍ സമരമുഖത്ത് സജീവമായാണ് ശശീന്ദ്രന്‍ പൊതുരംഗത്തേക്ക് ചുവടുവച്ചത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും യൂത്ത് കോണ്‍ഗ്രസ് നേതാവായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് വിട്ട് 1980 മുതല്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. 1982 മുതല്‍ കോണ്‍ഗ്രസ് എസിന്റെയും തുടര്‍ന്ന് എന്‍സിപിയുടെയും നേതാവായി. 2006ല്‍ ബാലുശേരിയില്‍നിന്ന് ജില്ലയിലെ ആദ്യ വിജയം സ്വന്തമാക്കി. മണ്ഡലത്തില്‍ 550 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് നടത്തിയത്. ഇനി മന്ത്രിയായും എംഎല്‍എ ആയും അദ്ദേഹം നടപ്പാക്കാനൊരുങ്ങുന്ന വികസനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് എലത്തൂരുകാരും ഒപ്പം കോഴിക്കോടും.