കോഴിക്കോടിന്റെ സ്വന്തം ടീം, കപ്പടിച്ച ഗോകുലം തിങ്കളാഴ്ചയെത്തും; ആവേശ സ്വീകരണമൊരുക്കാൻ നാടൊരുങ്ങുന്നു
കോഴിക്കോട്: കാൽപന്ത് കളിയുടെ ചൂരുള്ളവരുടെ സിരകളിൽ ആവേശമായി കോഴിക്കോട് ഗോകുലം എഫ്സിയുടെ വിജയഗാഥ. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോകുലം കിരീടം സ്വന്തമാക്കിയപ്പോൾ ഐ ലീഗ് ചരിത്രമാണ് തിരുത്തപ്പെട്ടത്. മലയാള മണ്ണിലേക്ക് ആദ്യമായി ഐ ലീഗ് കിരീടമെത്തിച്ച ഗോകുലത്തിന്റെ പോരാളികൾക്ക് ഉജ്വല വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾ.
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഗോവൻ ക്ലബ്ബുകളും അടക്കിവാണ ഇന്ത്യൻ കാൽപന്ത് മൈതാനത്ത് ഗോകുലം എഫ്‌സിയും കാലുറപ്പിച്ചിരിക്കുന്നു. വടകരയിൽ നിന്ന് മദിരാശിയിലെത്തി ചിട്ടി സാമ്രാജ്യം പടുത്തുയർത്തിയ ഗോകുലം ഗോപാലന്റെ ടീമിനിത് ആഹ്ലാദത്തിന്റെ ആഘോഷവരവാണ്. കോഴിക്കോട് നിന്നൊരു ഫുട്‌ബോൾ ടീം, ഗോകുലം ഗോപാലന് ഇതിലും നല്ലത് പണം കടലിലെറിയുകയാണെന്ന് കളിയാക്കിയവരുണ്ട്.
2017ൽ മലബാറിലെ ഫുട്‌ബോൾ പ്രേമികളുടെ ടീമായി ആരംഭിക്കുമ്പോൾ ഐ ലീഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ടീം മാനേജരുടെ വാക്കും ആരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. നാല് വർഷത്തിന്റെ ബാല്യാവസ്ഥയിൽ തന്നെ ബിനോ ജോർജ്, ഗിഫ്റ്റ്റെയ്ക്കാൻ, ഫെർണാണ്ടോ വലേര, ഒടുവിൽ ചാമ്പ്യൻ കോച്ചായ വിൻസെൻ സോ അനിസെയും കായിക താരങ്ങൾക്ക് കാൽപന്ത്‌കളിയുടെ പുതിയ തന്ത്രങ്ങൾ പകർന്നു.
അവസാന മത്സരത്തിൽ മണിപ്പൂർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തായിരുന്നു ഗോകുലം ഐ ലീഗ് കിരീടം ചൂടിയത്. ഇതിന് മുമ്പ് 2013 ൽ ഡ്യൂറന്റ് കപ്പ്, 2020ൽ വനിത ഐ ലീഗ് എന്നിവയും ഗോകുലം നേടി.
ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്സ് രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും മലയാളിക്ക് ആഘോഷിക്കാൻ ഒരു വിന്നിങ് ടീമില്ലായിരുന്നു. അരങ്ങേറ്റം കുറിച്ച് – നാലാം സീസണിനൊടുവിൽ കപ്പടിച്ച് ഗോകുലം ആ പരാതി പരിഹരിച്ചു. വിജയകിരീടവുമായി ഗോകുലം തിങ്കളാഴ്‌ച ജന്മനാട്ടിൽ തിരിച്ചെത്തും. ഉജ്വല വരവേൽപ് നൽകാനൊരുങ്ങുകയാണ് കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾ.