കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഹൈടെക്ക് ആയി; പുതിയ കെട്ടിട സമുച്ചയം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കൊയിലാണ്ടി: കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ കെട്ടിടോദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടന സജ്ജമായത്.

സ്‌കുളിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായണ് ഒര് കോടി രൂപ പുതിയ കെട്ടിടത്തിനായി സര്‍ക്കാര്‍ ഇവിടേക്ക് അനുവദിച്ചത്. ഈ തുക വിനിയോഗിച്ചാണ് കെട്ടിലും മട്ടിലും അടിമുടി മാറ്റം വരുത്തി പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിട സമുച്ചയം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ എട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കെ.ദാസന്‍ എംഎൽഎ പറഞ്ഞു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്‍പി വിഭാഗത്തില്‍ പഠനം നടത്തുന്ന സ്‌കൂളാണ് കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍. എല്‍പി വിഭാഗത്തില്‍ 16 ക്ലാസുകള്‍, പ്രീ പ്രൈമറി വിഭാഗത്തില്‍ 6 ക്ലാസുകള്‍ എന്നിങ്ങനെ 662 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ നവീകരണത്തിനായി ഏകദേശം 50 കോടിയോളം രൂപയാണ് കൊയിലാണ്ടി താലൂക്കില്‍ മാത്രം ചെലവഴിച്ചത്. താലൂക്കിലെ 17 ഓളം വരുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് അടിമുടി മാറിയത്. പല പൊതു വിദ്യലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് കെ.ദാസൻ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക