കോണ്‍ഗ്രസ് – വെല്‍ഫെയല്‍ പാര്‍ട്ടി സഖ്യത്തെയും പരാജയപ്പെടുത്തി; അരിക്കുളം ചുവന്നു തന്നെ


കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണയും ഇടതുപക്ഷത്തിന്‌. പതിമൂന്ന് വാര്‍ഡുകളുള്ള ഗ്രാമ പഞ്ചായത്തില്‍ പത്ത് വാര്‍ഡുകള്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ഇരുന്നൂറോളം വോട്ട് സ്വന്തമായുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നിട്ടും ആറാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടതു മുന്നണി തോല്‍പ്പിച്ചു. 24 വോട്ടുകള്‍ക്കാണ് എല്‍ജെഡിയിലെ എം പ്രകാശന്‍ വിജയിച്ചത്.

എം.എം സുഗതനും എം പ്രകാശനും വിജയാഹ്ലാദത്തില്‍

സിപിഎം ഏരിയാ കമ്മിറ്റി അംഗം എംഎം സുഗതന്‍ ഊരള്ളൂരില്‍ നിന്ന് 255 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റായി സിപിഎം പരിഗണിക്കുന്ന പേര് സുഗതന്‍ മാസ്റ്ററുടേതാണ്‌. എന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പത്താം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എട്ട്, ഒന്‍പത് സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അരിക്കുളം, മാവട്ട് ഭാഗത്താണ് ഈ വാര്‍ഡുകള്‍. എന്‍ഡിഎ സഖ്യത്തിന് ഇത്തവണയും പഞ്ചായത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇടതുമുന്നണി പ്രവര്‍ത്തകര്‍ എല്ലാ വാര്‍ഡുകളും പ്രധാന കവലകളിലും ആഹ്ലാദ പ്രകടനം നടത്തി.

പഞ്ചായത്തില്‍ 10 മുതല്‍ 12 വരെ സീറ്റുകള്‍ നേടി എല്‍ ഡി എഫ് വിജയം ആവര്‍ത്തിക്കുമെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചത്. യുഡിഎഫിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ സീറ്റും പ്രവചിച്ചിരുന്നു. ബിജെപിയുടെയോ മറ്റുള്ളവരുടെയോ മുന്നേറ്റം ഉണ്ടാകില്ലെന്നും എക്‌സിറ്റ് പോള്‍ പ്രവചിച്ചു. പ്രവചനം കൃത്യമായെന്ന് ഫലം വ്യക്തമാക്കുന്നു.