കൊല്ലത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍


കൊല്ലം: കൊല്ലം കുരീപ്പുഴയിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

മേബിള്‍ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെത്തിയത് എഴ് ദിവസം മുമ്പാണ്. ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പൊലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാവിലെ സിസ്റ്ററെ പ്രാര്‍ത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയില്‍ എത്തിയ മറ്റ് കന്യാസ്ത്രീകള്‍ക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.