കൊല്ലം കോാട്ടാരക്കരയില്‍ മോഷണം പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി; പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു


കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തി. കെഎല്‍ 15, 7508 നമ്പര്‍ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബസ് പിന്നീട് കണ്ടെത്തി.

ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറഞ്ഞു. സ്ഥലക്കുറവ് കാരണം സര്‍വീസ് പൂര്‍ത്തിയാക്കി എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ രാത്രിയില്‍ ദേശീയപാതയുടെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരന്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. വിചിത്രമായ മോഷണം തന്നെയാണ് കൊട്ടാരക്കരയിലും സംഭവിച്ചിരിക്കുന്നത്. ആര്, എങ്ങിനെ, എന്തിന് ബസ് മോഷ്ടിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസ് പരക്കം പായുകയാണ്.

കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിലെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് തട്ടിക്കൊണ്ടുപോയവരെ ഉടന്‍ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക