കൊല്ലം ആനക്കുളത്ത് കാല്‍നടയാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: അപകടത്തിന് കാരണം ലോറി ഡ്രൈവറുടെ അനാസ്ഥയെന്ന് കണ്ടെത്തല്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


കൊയിലാണ്ടി: കൊല്ലം ആനക്കുളത്ത് നടന്ന അപകടത്തില്‍ കാല്‍നട യാത്രക്കാരനായ താഴെ അറത്തില്‍ ശ്രീനിവാസന്‍ എന്നയാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. KL 55 AA 7649 MAHINDRA LOADKING (LGV) വാഹനം പരിശോധിച്ചതില്‍, വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലെന്ന് ബോധ്യപ്പെട്ടു.

മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ സനീശന്‍ പി.പി യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം നടന്ന അപകടം ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് എന്ന് കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച് കൊണ്ട് ജോയിന്റ് ആര്‍.ടിഒ. പി.രാജേഷ് ഉത്തരവാക്കിയിരിക്കുന്നു.

കൂടാതെ ഇയാള്‍ക്ക് എടപ്പാള്‍ IDTR ല്‍ ഒരു മാസത്തെ റിഫ്രഷ്ര്‍ ട്രെയിനിംഗ് ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ദൗത്യമായ ‘ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേയ്‌സ്’ ഡ്രൈവിന്റെ ഭാഗമായി വാഹനാപകടങ്ങള്‍ കുറക്കാന്‍ വേണ്ടി റോഡിലുള്ള അപാകതകളായ റോഡ് ഷോള്‍ഡറിന്റെ ഉയരക്കൂടുതല്‍, ടൗണിലെ ഫുട്പാത്തിന്റെ അഭാവം, റോഡിനരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ്, വീഴാറായ മരങ്ങള്‍, ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ പരസ്യബോര്‍ഡുകള്‍, റോഡ് മര്‍ക്കിങ്‌സ് ഇല്ലാത്തത് എന്നിവ ഫീല്‍ഡ് ഓഫീസര്‍മാരുടെ അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ അറിയിപ്പിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. കൊയിലാണ്ടി സബ് ആര്‍ടിഓ പരിധിയിലെ റോഡപകടങ്ങള്‍ കുറക്കാനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം kl56.mvd@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാമെന്ന് അദ്ധേഹം അറിയിച്ചു.