കൊയിലാണ്ടിയിൽ കാനത്തിൽ ജമീല, മന്ത്രി ടി.പി വീണ്ടും ജനവിധി തേടും, ബാലുശ്ശേരിയിൽ സച്ചിൻ ദേവ്


കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എകെജി സെന്ററിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 85 മണ്ഡലങ്ങളിൽ 83 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും.

പേരാമ്പ്രയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വീണ്ടും ജനവിധി തേടും. കൊയിലാണ്ടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീലയും, ബാലുശ്ശേരിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവും മത്സരിക്കും.

തൊഴിലാളിവർഗത്തിന്റെ പ്രിയപ്പെട്ട നേതാവായ ടി.പി.രാമകൃഷ്ണൻ തുടർച്ചയായി രണ്ടാം തവണയാണ് പേരാമ്പ്രയിൽ മത്സരിക്കുന്നത്. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടിൽ പരേതനായ ശങ്കരന്റെയും മാണിക്യത്തിന്റെയും രണ്ടാമത്തെ മകനായാണ് ടി.പിയുടെ ജനനം.

നമ്പ്രത്തുകര എ.യു.പി സ്കൂൾ, കൊയിലാണ്ടി ഗവ.ബോയ്സ് ഹൈസ്കൂൾ, നടവത്തൂർ ശ്രീ വാസുദേവാശ്രമം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ടി.പി കോഴിക്കോട് ഗവൺമെന്റ് ആർട് ആൻഡ് സയൻസ് കോളേജിൽ നിന്നാണ് പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജമീല കാനത്തിൽ നിലവിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടാണ്. നന്മണ്ട ഡിവിഷനിൽനിന്ന് 8094 വോട്ടി‍െൻറ ഭൂരിപക്ഷത്തിലാണ് ഇവർ ജയിച്ചത്. രണ്ടാം തവണയാണ് ഇവർ ജില്ല പഞ്ചായത്ത് പ്രസിഡണ്ടാവുന്നത്.

2010ൽ അഞ്ച് വർഷം ജില്ല പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതല നിർവ്വഹിച്ചിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സംസ്ഥാന ജോയൻറ് സെക്രട്ടറി കൂടിയാണ് ജമീല. നേരത്തേ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിട്ടുണ്ട്.

ബാലുശ്ശേരിയിൽ മത്സരിക്കുന്ന സച്ചിൻ ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. എസ്എഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി, പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. 2018ൽ കൊല്ലത്ത് വച്ച് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ മീഞ്ചന്ത ഗവ.ആർട്സ് കോളേജ് യൂണിയൻ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. 27 വയസ്സുള്ള സച്ചിൻ കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടിയിട്ടുണ്ട്.