കൊയിലാണ്ടിയിൽ അരങ്ങേറിയത് കള്ളക്കടത്തു സംഘത്തിന്റെ കുടിപ്പക, ഹനീഫ വഞ്ചനയും നടത്തി, കൂട്ടുനിന്നത് ഊരള്ളൂർ സ്വദേശി ഷംസാദ്; കുറ്റകൃത്യത്തിന്റെ വഴികൾ വിശദമായി വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് നാട്. ഞായറാഴ്ച അർധരാത്രി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി ഷംസാദി (36) നെയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മ്മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
കസ്റ്റംസിന്റെതാണെന്ന തരത്തില്‍ വ്യാജരേഖ നിര്‍മ്മിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍ പറഞ്ഞു. ഖത്തറിലായിരുന്ന ഹനീഫ മാര്‍ച്ച് 29നാണ് നാട്ടിലെത്തിയത്. വിദേശത്ത് നിന്ന് വരുമ്പോള്‍ പയ്യോളി സ്വദേശിയായ ജുനൈദ് എന്നയാള്‍ക്ക് കൊടുക്കാന്‍ ഇടനിലക്കാര്‍ 720 ഗ്രാം സ്വര്‍ണ്ണം ഹനീഫയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ സ്വര്‍ണ്ണം ജുനൈദിന് കൊടുക്കാതെ ഹനീഫയും, ഷംസാദും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.
സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചതായാണ് ജുനൈദിനോട് ഇരുവരും പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചതിന്റെ തെളിവായി എ ഫോര്‍ കടലാസില്‍ കസ്റ്റംസിന്റെതാണെന്നമട്ടില്‍ വ്യാജ സീല്‍ പതിച്ച് രേഖയുണ്ടാക്കി ജനൈദിന് കാണിച്ച് കൊടുക്കുകയായിരുന്നു. താമരശ്ശേരി കൊടുവള്ളി മേഖലയിലുള്ളവരുടെതായിരുന്നു വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം.
കൊടുവളളി സംഘം നടത്തിയ അന്വേഷണത്തില്‍ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു. കസ്റ്റംസ് റിപ്പോര്‍ട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് മനസ്സിലായതോടെ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട സംഘം ഹനീഫയുടെയും ഷംസാദിന്റെയും പിന്നാലെ തന്നെയുണ്ടായിരുന്നു. പല തരത്തില്‍ ഭീഷണി മുഴക്കിയ സംഘം ഷംസാദിനെ മെയ് 27ന് പയ്യോളിയില്‍ നിന്ന് പട്ടാപകല്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തി. നാട്ടുകാര്‍ ഇടപ്പെട്ടതോടെ ആ ശ്രമം വിഫലമാകുകയായിരുന്നു.
ഈ സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഹനീഫയെ ഞായറാഴ്ച രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ സംഘം വീട്ടിനടുത്തു നിന്നും തട്ടി കൊണ്ടു പോയത്. സഹോദരിയുടെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കടത്തി കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍ വെച്ച് ഹനീഫയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഹനീഫയെ വഴിയില്‍ ഇറക്കി വിട്ട് അക്രമി സംഘം കടന്നു കളയുകയായിരുന്നു. ഹനീഫയുടെ വീടിന് സമീപത്ത് നിന്ന് ഇരുന്നുറ് മീറ്റര്‍ അകലെ റോഡരികില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയിരുന്നു.
അറസ്റ്റ് ചെയ്ത ഹനീഫയെയും, ഷംസാദിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി ഡോ.എ.ശ്രീനിവാസ്, ഡി.വൈ.എസ്.പി കെ.കെ.അബ്ദുള്‍ ഷെറീഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍ കുമാര്‍ എന്നിവരുടേ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.