കൊയിലാണ്ടിയില്‍ 17.7% പോളിംഗ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പോളിംഗ് ശതമാനം 17.7 ശതമാനത്തിലെത്തി. ആദ്യ മണിക്കൂറിലെ മികച്ച പോളിംഗാണ് ഇത്. മിക്ക ബൂത്തുകളിലും നീണ്ട നിരയാണ്. കൊയിലാണ്ടിയില്‍ 2016 ലെ പോളിംഗ് ശതമാനം 81.53 ശതമാനമായിരുന്നു.
പേരാമ്പ്രയില്‍ നിലവില്‍ പോളിംഗ് ശതമാനം 15.7 ശതമാനമാണ്. 2016 ല്‍ 85.45 ശതമാനമായിരുന്നു പോളിംഗ്.


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ വോട്ടിംഗ് ശതമാനം 22.4 ആണ്. കനത്ത വോട്ടിംഗ് ആണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തുന്നത്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ട്.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.