കൊയിലാണ്ടി മൈതാനത്ത് മാലിന്യങ്ങൾ തള്ളിയവർക്കെതിരെ നടപടിയെടുക്കുക; യൂത്ത് കോൺഗ്രസ്


കൊയിലാണ്ടി: കഴിഞ്ഞദിവസം പകൽ സമയത്ത് കോൺക്രീറ്റ് വേസ്റ്റും, കമ്പികളുമുൾപ്പെടെ ഒരു ലോഡിലധികം മാലിന്യങ്ങൾ സാമൂഹ്യ വിരുദ്ധർ കൊയിലാണ്ടി സ്റ്റേഡിയത്തിൽ തള്ളിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ല സ്പോർട്സ് കൗൺസിലിൻ്റെ കൈവശമുള്ള സ്റ്റേഡിയത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരുണ്ടായിട്ടും ഇത്തരമൊരു സംഭവം നടന്നത് നാണക്കേടാണ്. സ്പോർട്സ് കൗൺസിൽ കൊയിലാണ്ടി സ്റ്റേഡിയം വേണ്ടവിധം പരിപാലിക്കുന്നില്ല എന്ന പരാതി കായിക താരങ്ങളും, പരിശീലകരും നിരന്തരം ഉന്നയിക്കുന്നുണ്ട്.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ആകെയുള്ള കളിസ്ഥലത്തിനോട് ഇത്തരത്തിൽ അവഗണന കാണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അമൽ കൃഷ്ണ പറഞ്ഞു.

ഏത്രയും പെട്ടെന്ന് ഗ്രൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും, മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ഊർജജിതമാക്കണമെന്നും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ജില്ല സ്പോർട്ട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടു.