കൊയിലാണ്ടി നഗരത്തെ ആവേശത്തിലാക്കി പിണറായി വിജയന്റെ മണ്ഡലംറാലി
കൊയിലാണ്ടി: സംസ്ഥാനത്ത് എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അഞ്ച് ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കും.
യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നു പേർക്ക് തൊഴില്‍വസരങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ തുക 2500 രൂപയായി വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് സ്വന്തം പാര്‍ട്ടി അണികളുടെ അടുത്ത് പോലും ചെന്ന് വോട്ട് ചോദിക്കാന്‍ പ്രതിപക്ഷത്തിനാവുന്നില്ല.
ജനങ്ങള്‍ക്ക് പരമാവധി സന്തോഷകരമായ ഒരു ജീവിതം നല്‍കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ പരിമിതിക്കുളളില്‍ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു കൊടുക്കും. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന കേരളം രൂപപ്പെടുത്തുകാണ് ലക്ഷ്യം. സ്‌കൂളുകള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതോടെ പുതുതായി 6.80,000 കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തി.
കഴിഞ്ഞ യൂ.ഡി.എഫ് ഭരണ കാലത്ത് അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുകയാണ് ചെയ്തത്. ആരോഗ്യ രംഗത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചത്. കോവിഡ് രോഗ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്.
സര്‍ക്കാറിന്റെ നിക്ഷേപ സൗഹൃദ നയം കാരണം വന്‍കിയ ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അതിയായ താല്‍പ്പര്യം കാട്ടുകയാണ്. ഇത്തരം കമ്പനികളുടെ സഹകരണത്തോടെ വലിയ തൊഴില്‍ സംരംഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പതിനായിരം പേര്‍ക്ക് തൊഴിലവസരം ഉണ്ടാകും. കേരളത്തില്‍ എല്‍.ഡി.എഫിന്റെ തുടര്‍ഭരണം ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് നിലതെറ്റിയിരിക്കുകയാണ്.
ആയിരകണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജനക്ഷേമ പദ്ധതികളെ പ്രതിപക്ഷ നേതാവ് കണ്ണടച്ച് എതിര്‍ക്കുകയാണ്. വിഷു, ഈസ്റ്റര്‍ എന്നിവയ്ക്ക് മുമ്പ് സാമൂഹ്യ പെന്‍ഷന്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുന്നത് കഞ്ഞികുടിക്കാന്‍ വകയില്ലാത്ത പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ എം.പി.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല, കെ.ദാസന്‍ എം.എല്‍.എ, കെ.കെ.മുഹമ്മദ്, പി.വിശ്വന്‍, ഇ.കെ.അജിത്ത്, കെ.ലോഹ്യ, ടി.ചന്തു എന്നിവര്‍ സംസാരിച്ചു.