കൊയിലാണ്ടി ആനക്കുളത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മരണപ്പെട്ടത് പിഷാരികാവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍, അപകടം ക്ഷേത്രത്തിലേക്ക് ഇളനീര്‍ കൊണ്ടുവരുന്നതിനിടെ


കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കൊല്ലംചിറക്ക് സമീപം ദേശീയ പാതയില്‍ ലോറിയിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. ആനക്കുളം താഴെ അറത്തില്‍ ശ്രീനിവാസന്‍ (55) ആണ് മരിച്ചത്. പിഷാരികാവ് ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

പിഷാരികാവ് ക്ഷേത്രത്തിലേക്ക് കാലത് ഇളനീര്‍ എത്തിക്കാന്‍ വരുന്ന വഴിയാണ് അപകടം നടന്നത്. റോഡ് സൈഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്തു. ലോറിക്കിടയില്‍ കുടുങ്ങിക്കിടന്ന ഇയാളെ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

ഇയാള്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് കോഴിക്കോട് കല്ല് ഇറക്കി തിരിച്ചു പോകുകയായിരുന്നു ഇടിച്ച ലോറി.