കേരളത്തിൽ കോൺഗ്രസ്സില്ല ഉള്ളത് ഗ്രൂപ്പുകൾ; പി.സി.ചാക്കോ കോൻഗ്രസ്സിൽ നിന്ന് രാജിവെച്ചു


തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിസി.ചാക്കോ പാര്‍ട്ടി വിട്ടു. നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി. കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ലെന്നും ഗ്രൂപ്പുകളുടെ ഏകോപനം മാത്രമാണ് ഉള്ളതെന്നും ചാക്കോ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നടക്കുന്നത് ഗ്രൂപ്പ് വീതം വെപ്പാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍നിന്നു തന്നെ പൂര്‍ണമായും ഒഴിവാക്കിയതായും ചാക്കോ പറഞ്ഞു. ഗ്രൂപ്പുകാരനായി ജീവിക്കാന്‍ കഴിയില്ല. ഹൈക്കമാന്റിനു ജനാധിപത്യമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ‌നല്‍കുന്ന പട്ടിക അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

വി.എം.സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസം മുട്ടിച്ച് ഒതുക്കി. നാലു തവണ ലോകസഭാ അംഗമായിരുന്ന ചാക്കോ എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 1980ല്‍ പിറവത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി. തൃശൂര്‍, മുകുന്ദപുരം, ഇടുക്കി ലോകസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.