കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരില്ല, സര്‍വീസ് കുറച്ചു, വരുമാനം വളരെ കുറവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയില്‍ സര്‍വീസുകള്‍ കുറച്ചു. യാത്രക്കാര്‍ കുറഞ്ഞ് വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വെട്ടിക്കുറക്കാന്‍ കാരണം. നോര്‍ത്ത് സോണില്‍ ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. 380 ഓളം ബസുകള്‍ മാത്രമാണിപ്പോള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഉള്‍പ്പെടുന്ന നോര്‍ത്ത് സോണില്‍ സര്‍വീസ് നടത്തുന്നത്. രാത്രി ഏഴിന് ശേഷം ദീര്‍ഘദൂര സര്‍വീസൊഴികെയുള്ള പലതും നിര്‍ത്തലാക്കി.
കോവിഡ് തീവ്രമായതിനാല്‍ സംസ്ഥാനത്താകെ നടപ്പാക്കിയ കടുത്ത നിയന്ത്രണത്തെ തുടര്‍ന്നാണ് സര്‍വീസ് കുറയ്ക്കേണ്ടിവന്നത്. അധിക നിയന്ത്രണങ്ങളുള്ള ശനി, ഞായര്‍ ദിവസങ്ങളിലൊഴികെ 65 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്നത് ഇപ്പോള്‍ 24 ലക്ഷമായി ചുരുങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഇപ്പോള്‍ കുറച്ചെങ്കിലും യാത്രക്കാരുള്ളത്. പല ബസുകളും അനുവദനീയമായതിന്റെ കാല്‍ഭാഗംപോലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. സര്‍വീസിന് തയ്യാറായ ബസുപോലും ഇറക്കിയില്ല. പല സര്‍വീസില്‍നിന്നും ഇന്ധനം അടിക്കാനുള്ള തുകപോലും ലഭിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
363 ബസാണ് നോര്‍ത്ത് സോണില്‍ ചൊവ്വാഴ്ച സര്‍വീസ് നടത്തിയത്. 24,48,000 രൂപയാണ് വരുമാനം. ഇതില്‍ കണ്ണൂരാണ് കൂടുതല്‍ വരുമാനം. എട്ട് എസി ബസുകളും ഓടി. അഞ്ച് സൂപ്പര്‍ ഡീലക്സുകളും ഒരു എക്സ്പ്രസും 37ഫാസ്റ്റും 19 സൂപ്പര്‍ ഫാസ്റ്റും സര്‍വീസ് നടത്തിയവയില്‍ ഉള്‍പ്പെടും.
തിങ്കളാഴ്ച 438 ബസുകള്‍ ഓടി. 38,60,000 രൂപ വരുമാനവും ലഭിച്ചു. വേട്ടെടുപ്പ് ദിവസം 152 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. വരുമാനം 6,50,000 രൂപയും.
കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന് മുമ്പ് 900ഓളം ബസുകള്‍ നോര്‍ത്ത് സോണില്‍ സര്‍വീസ് നടത്തിയിരുന്നു. 90 ലക്ഷം മുതല്‍ 1.2 കോടി രൂപവരെ വരുമാനവും ലഭിച്ചു. എന്നാല്‍ ഏപ്രില്‍ പകുതിയായപ്പോഴേക്കും യാത്രക്കാര്‍ കുറഞ്ഞു. ബസുകള്‍ 700നടുത്തായി. വരുമാനം 65 ലക്ഷത്തോളമായി ചുരുങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ 400ഓളം ബസുകള്‍ മാത്രമായിരുന്നു ഓടിയത്.