കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ല; മേപ്പയൂരിൽ കർഷകർ ദുരിതത്തിൽ


മേപ്പയൂര്‍: കൃഷി ഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍. മേപ്പയൂര്‍ കൃഷി ഭവനിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായത്. കൃഷി ഭവനില്‍ 3 കൃഷി അസിസ്റ്റന്റ് പോസ്റ്റുകളില്‍ ജീവനക്കാരില്ല. പാര്‍ട് ടൈം സ്വീപ്പറുമില്ല. ആകെയുള്ളത് ഒരു കൃഷി ഓഫിസര്‍ മാത്രം. കൃഷി ഓഫിസര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ ഓഫിസ് അടഞ്ഞു കിടക്കും. മേപ്പയൂര്‍ കൃഷിഭവന്റെ അവസ്ഥയാണിത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട കൃഷി അസിസ്റ്റന്റുമാരുടെ കാലാവധിയും കഴിഞ്ഞതാണ് കൃഷിഭവന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചത്. തിരുവാതിര ഞാറ്റുവേല സമയത്ത് തൈകള്‍ ലഭിക്കാനും വിത്തിറക്കാനും എല്ലാം കര്‍ഷകര്‍ ആശ്രയിക്കുന്നത് കൃഷിഭവനെയാണ്. കര്‍ഷകര്‍ ജീവനക്കാരില്ലാത്തതിനാല്‍ നിരാശയോടെ തിരിച്ചുപോകേണ്ട അവസ്ഥയാണ്.