കുഞ്ഞുങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്ത് തട്ടിപ്പ്; കൊയിലാണ്ടിയിൽ യുവാവ് അറസ്റ്റിൽ


കൊയിലാണ്ടി: വ്യാജ പ്രൊഫൈൽ നിർമ്മിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശി മുജ്തബ തൂവക്കുന്ന് ആണ് പിടിയിലായത്. 27 വയസ്സാണ് ഇയാളുടെ പ്രായം. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ദുരുപയോഗിച്ച് ഇത്തരത്തിൽ പണം തട്ടിയതിന് 6 മാസം മുൻപാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇയാൾ മുൻപും ഓൺലൈൻ തട്ടിപ്പു കേസിൽ പ്രതിയായിട്ടുണ്ട്.

കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു.കെ.സി യുടെ നേതൃത്വത്തിൽ എ.എസ്.ഐ പ്രദീപ്, മണികണ്oൻ, വിജു വാണിയംകുളം എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.