കാട്ടിലൂടെ 12 കിലോമീറ്റര്‍ താണ്ടി പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലെത്തിയ 1989ലെ ആ കാലം; കേരളസാക്ഷരതയുടെ പ്രോജക്ട് ഓഫീസറായിരുന്ന മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ മുന്‍അധ്യാപകന്റെ ഓര്‍മ്മകളിലൂടെ
മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന പത്മനാഭന്‍ മാഷുടെ ഓര്‍മ്മകളാണിത്. കേരളസാക്ഷരതയുടെ പ്രോജക്ട് ഓഫീസറായിരുന്ന അദ്ദേഹത്തിന്റെ സാക്ഷരതാ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കുറിപ്പിലേത്. എറണാകുളത്തെ പൊങ്ങിന്‍ചുവട് കോളനിയില്‍ സാക്ഷരതാ ക്ലാസെടുത്ത അനുഭവം അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ അദ്ദേഹം പങ്കുവെയ്ക്കുകയാണ്.
എന്റെ അനുഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ‘ശ്രദ്ധിച്ചു പോകണം ശബ്ദം ഉണ്ടാക്കരുത്’ – ഞങ്ങളെ ഇടമലയാര്‍ നിന്ന് പൊങ്ങിന്‍ ചുവട് കോളനിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാളുടെ നിര്‍ദ്ദേശമായിരുന്നു അത്. കാട്ടിലൂടെയുള്ള യാത്രയില്‍ ഏതുനിമിഷവും കാട്ടാനയുടെ മുന്നില്‍ പെടാനുള്ള സാധ്യതയുണ്ട്. എസ്. കെ. പൊറ്റക്കാടിന്റെ ശൈലിയില്‍ പറഞ്ഞാല്‍ കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള ഇടമാണിത്. കാട്ടുപാതയിലൂടെയാണ് നടത്തം. ഇടയ്‌ക്കൊക്കെ കാട്ടരുവികള്‍- അതില്‍ നിന്ന് വെള്ളമെടുത്ത് ദാഹമകറ്റിയും കൈകാലുകള്‍ കഴുകിയും ഫ്രഷായി മുന്നോട്ട്. 12 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നത് അറിഞ്ഞില്ല. രാവിലെ എട്ട് മണിക്ക് ആരംഭിച്ച യാത്ര 11:00 കോളനിയിലെത്തി.
എറണാകുളം സാക്ഷരതയുടെ ഭാഗമായി പൊങ്ങന്‍ ചുവട് ആദിവാസി കോളനിയില്‍ സാക്ഷരതാ ക്ലാസ്സ് തുടങ്ങാനുള്ള ശ്രമമായിരുന്നു. എറണാകുളം സാക്ഷരതാ യജ്ഞത്തിന്റെ നായകന്‍ ശാന്തകുമാര്‍ സാറും സംഘവും നേരത്തെ എത്തിയിരുന്നു. ഫോറസ്റ്റുകാരുടെ സഹായത്തോടെ കലക്ടറും ഉദ്യോഗസ്ഥരും ഏതോ വഴി ജീപ്പില്‍ എത്തി. ആദിവാസികളും ഒരിടത്ത് ഒത്തുകൂടി. പോലീസുകാരും നിരവധി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജയദേവന്‍ സര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡി.പി റോസ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ മാധ്യമപ്രവര്‍ത്തകര്‍ വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ആശംസാ പ്രസംഗത്തിനുശേഷം ആദിവാസികള്‍ ഒഴികെ എല്ലാവരും സ്ഥലംവിട്ടു. ശേഷം ഞങ്ങള്‍ അഞ്ചു പേര്‍ക്ക് താമസിക്കാനുള്ള ഷെഡ് നിര്‍മ്മിച്ചു. എന്നെ കൂടാതെ വേങ്ങൂര്‍ പഞ്ചായത്തുകാരനായ രാജപ്പന്‍, സുബ്രഹ്‌മണ്യന്‍, വിജയ്, ജോയി എന്നിവരാണുള്ളത് ഉള്ളത്.
ആദിവാസി സുഹൃത്തുക്കള്‍ ഈറ്റ മുറിച്ച് കൊണ്ടുവന്ന് ഷെഡ് ഉണ്ടാക്കി. മുള കൊണ്ട് തൂണ്‍ ഈറ്റ കൊണ്ട് മറ ഈറ്റകൊണ്ട് മേല്‍ക്കൂര. മുള അടിച്ചു പരത്തി തൈതല്‍ ഉണ്ടാക്കി അതാണ് കട്ടില്‍. ഉള്ളില്‍ കിടന്നാല്‍ എ സി യാണ്
അരിക്കുളം ഭാവന കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാന്‍ഫെഡിനെ സഹായത്തോടെ നടത്തിയ സാക്ഷരത ക്ലാസ് ആണ് എന്റെ ആദ്യകാല സാക്ഷരത പ്രവര്‍ത്തനം. പിന്നീട് പ്രതിഭയില്‍ അധ്യാപകന്‍ ആയപ്പോള്‍ മേപ്പയ്യൂരിലെ സാംബര്‍ക്ക് ആറു മാസം തുടര്‍ച്ചയായി സാക്ഷരതാ ക്ലാസ്സ് നടത്തി. പരിഷത്തിന്റെ പ്രവര്‍ത്തകരും എം. എം. കരുണന്‍ മാസ്റ്റര്‍, കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ സഹായിച്ചു. 16 പേര്‍ പങ്കെടുത്ത ക്ലാസില്‍ എല്ലാവരും സാക്ഷരരായി. അവര്‍ പരിഷത്തിന്റെ നേതൃനിരയിലുള്ളവര്‍ക്ക് കത്തെഴുതി. കെ.കെ കൃഷ്ണകുമാര്‍, പ്രൊഫസര്‍ കെ ശ്രീധരന്‍, കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ കെ. ടി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ടി. പി. സുകുമാരന്‍ മാസ്റ്റര്‍ എം. പി പരമേശ്വരന്‍ തുടങ്ങിയവര്‍ക്കാണ് കത്തയച്ചത്. എല്ലാവരും മറുപടി അയച്ചു. ആ കത്തുകള്‍ അവര്‍ ഭദ്രമായി സൂക്ഷിച്ചു. പരിഷത്തിന്റെ മേപ്പയ്യൂരിലെ സാക്ഷരതാ ക്ലാസില്‍ നിന്നും സാക്ഷരരായ ഞങ്ങളുടെ ആദ്യത്തെ കത്ത് താങ്കള്‍ക്ക് ഇരിക്കട്ടെ എന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങിയത്. ഇക്കാരണങ്ങളാണ് എറണാകുളം സാക്ഷരതയില്‍ പങ്കെടുക്കാന്‍ കെ. ടി. രാധാകൃഷ്ണന്‍ മാസ്റ്ററും കൊടക്കാടും എന്നെ പ്രേരിപ്പിച്ചത്.
മേല്‍പ്പറഞ്ഞ പഠിതാക്കള്‍ പലയിടങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. അവരുടെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. ഈ ക്ലാസിനു തൊട്ടുമുമ്പിലെ വര്‍ഷം മേപ്പയ്യൂരില്‍ പല ക്ലാസ്സുകളിലും പഠനം നിര്‍ത്തിയവര്‍ക്കായി പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു തുടര്‍വിദ്യാഭ്യാസ ക്ലാസ് നടന്നു. എല്ലാദിവസവും രാത്രി നടന്ന ഈ ക്ലാസ്സ് ഒരു ജനുവരി ഒന്നിന് അവസാനിപ്പിച്ചു. തുടക്കത്തില്‍ 35 പേര്‍ ഉണ്ടായിരുന്നെങ്കിലും പയറ്റും കല്യാണവും മുറുകിയപ്പോള്‍ സാമ്പത്തിക പ്രയാസം കാരണം കുറെ പേര്‍ വിട്ടുപോയി. ശേഷിച്ച 11 പേരും പാസ്സായി. രണ്ടുപേര്‍ ടി ടി സി ക്ക് പോയി അധ്യാപകരായി. കെ.എസ്.ഇ.ബിയിലെ കണാരേട്ടന് ത്രിബിള്‍ പ്രൊമോഷനും കിട്ടി.
1989 ജൂണ്‍ അഞ്ചിനാണ് ഞാന്‍ പൊങ്ങില്‍ ചുവട് കോളനിയിലെത്തുന്നത്. കോളനിയിലെ അനുഭവങ്ങള്‍ രസകരമാണ്. ഞങ്ങള്‍ക്ക് ഭക്ഷണത്തിനായി ഒരു ചാക്ക് അരിയും മറ്റു ചില്ലറ സാധനങ്ങളും എത്തിച്ചിരുന്നു. സാധനങ്ങള്‍ തീര്‍ന്നാല്‍ വാങ്ങല്‍ എളുപ്പമല്ല. 12 കിലോമീറ്റര്‍ നടക്കണം. രാവിലെ കട്ടന്‍ ചായയോടൊപ്പം ചുട്ട കിഴങ്ങ് ആണ് ഉണ്ടാവുക. വൈകുന്നേരമാകുമ്പോള്‍ ഏതെങ്കിലും കാട്ടിറച്ചിയും ചായപ്പൊടി കൂടുതലായി ചേര്‍ത്ത് പഞ്ചസാര ചേര്‍ക്കാത്ത കട്ടന്‍ചായയും ആണ് ഇവര്‍ക്കിഷ്ടം. അവരെ ക്ലാസിന് ക്ഷണിക്കാന്‍ പോയാല്‍ നമ്മളും അത് കുടിച്ചേ പറ്റൂ.
ഞങ്ങള്‍ കോളനിയിലെത്തി ഒരാഴ്ചക്കുള്ളില്‍ എല്ലാവരെയും സാക്ഷരതാ ക്ലാസ്സില്‍ എത്തിച്ചു. കോളനിയില്‍ പലഭാഗത്തായി വൈകുന്നേരങ്ങളില്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും ഉച്ചയ്ക്ക് സ്ത്രീകള്‍ക്ക് വേണ്ടിയും ക്ലാസ്സുകള്‍ നടന്നു. സ്‌കൂളില്‍ പോകാത്ത കുട്ടികളെ ഒരിടത്ത് എത്തിച്ച് ക്ലാസ് നടത്തി. കോളനി മൂപ്പനും, കരടിയുമായുള്ള മല്‍പ്പിടിത്തത്തില്‍ ശരീരത്തില്‍ മുറിയുടെ കലയുള്ള വളഞ്ചനുമെല്ലാം ക്ലാസിലെത്തി. അവര്‍ക്ക് മലയാളം മനസ്സിലാകും എങ്കിലും അവര്‍ പരസ്പരം ആശയവിനിമയം നടത്തിയത് ഗോത്ര ഭാഷയിലാണ്. ആനി എന്നാല്‍ ആണ്‍കുട്ടി പേനി എന്നാല്‍ പെണ്‍കുട്ടി എന്നിങ്ങനെ.
കക്കൂസ് ഈ പ്രദേശത്ത് ഇല്ലായിരുന്നു കാടിനെ ശരണം പ്രാപിക്കണം. ഇരിക്കുന്ന ആളുടെ ശരീരത്തില്‍ അട്ടകള്‍ കയറും. അതിനാല്‍ പ്രതിരോധത്തിന് ഉപ്പും കൊണ്ടാണ് വെളിക്കിരിക്കാന്‍ പോവുക. ഞങ്ങള്‍ കിടക്കുന്ന പായക്കടിയില്‍ മൂര്‍ഖനെ കണ്ടിട്ടുണ്ട്. ഒരു കുടിലില്‍ ക്ലാസ് എടുക്കുമ്പോള്‍ സമീപത്തെകുടില്‍ കാട്ടാന പൊളിക്കുന്നതും കണ്ടു. ഇതൊന്നും ഗൗരവത്തില്‍ എടുക്കാതെ ഞങ്ങള്‍ ഉദ്യമം തുടര്‍ന്നു.
10 മാസത്തെ ക്ലാസിന്റെ അവസാനം എല്ലാവരും സാക്ഷരരായി. മൂല്യനിര്‍ണയം നടത്തി അതിന്റെ പേപ്പറുകള്‍ ജില്ലാ സംഘടനയ്ക്ക് അയച്ചു. അതിനിടെ ക്ലാസുകളില്‍ അവര്‍ അവരുടെ നൃത്തവും പാട്ടും മറ്റും അവതരിപ്പിച്ചു. എല്ലാവരും കൂട്ടായി സന്നദ്ധ പ്രവര്‍ത്തനം നടത്തി റോഡ് നിര്‍മ്മിച്ചു. എറണാകുളത്തേക്ക് ഒരു ടൂര്‍ നടത്തി. ഇടമലയാറില്‍ നിന്ന് രണ്ടു ബസ്സുകളിലായി എല്ലാവരും പോയി. എല്ലാവര്‍ക്കും യൂണിഫോം ഡ്രസ്സ് ഡി.പി റോസ എത്തിച്ചേരുന്നു. നഗരത്തില്‍ നല്ല ലോഡ്ജുകള്‍ കലക്ടര്‍ ഏര്‍പ്പാടാക്കി. അവര്‍ക്ക് ബുദ്ധിമുട്ട് ആയത് യൂറോപ്യന്‍ ക്ലോസെറ്റ് ആണ്. ആദ്യമായി കാണുന്ന ഈ സാധനം എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല രണ്ടുപേര്‍ ഒപ്പം ആണ് കക്കൂസില്‍ പോകുന്നത്. ഒരാള്‍ കയറിയിരിക്കും വീഴാതിരിക്കാന്‍ അപരന്‍ പിടിക്കും. വെള്ളം ഉപയോഗിച്ചില്ല. പിന്നീടാണ് എന്റെ അടുത്ത് പരാതിയുമായി എത്തിയത്. എല്ലാ ക്ലോസറ്റും നിറഞ്ഞു വെന്നും ഇനി എന്ത് ചെയ്യും എന്നതാണ് ചോദ്യം. പിന്നീട് കഷ്ടപ്പെട്ട് പരിഹരിച്ചു. ഉപയോഗം സംബന്ധിച്ച് ക്ലാസെടുത്തു.
ക്ലാസിന് പ്രതിബന്ധമായത് നാട്ടില്‍ നിന്നെത്തി ഇഞ്ചി കൃഷി ചെയ്യുന്നവരായിരുന്നു. അവര്‍ ആദിവാസികളെ കൊണ്ട് പണിയെടുക്കുകയും അവര്‍ക്ക് വാറ്റുചാരായം വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഫോറസ്റ്റ് ഗാര്‍ഡും ആദിവാസികളോടൊപ്പം മദ്യവും കാട്ടിറച്ചിയും പങ്കുവെച്ചു. ഇത് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അവസാനിച്ചു. ഈറ്റ വെട്ടും പുല്‍ തൈലം വാറ്റലുമായിരുന്നു ഇവരുടെ മുഖ്യ തൊഴില്‍. കൂടാതെ കാട്ടില്‍ നിന്ന് ഈന്ത് തേന്‍, കൂവ, നെല്ലിക്ക തുടങ്ങിയ ശേഖരിക്കും. ഈറ്റ ഉപയോഗിച്ച് മുറം കൊട്ട പായ് തുടങ്ങിയവ സ്ത്രീകള്‍ ഉണ്ടാക്കി വന്നു.
ക്ലാസ്സിന്റെ അവസാന കാലത്ത് ഒരു സ്റ്റോര്‍ ഉണ്ടാക്കി. അതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് എളുപ്പമായി. കൂടാതെ എല്ലാ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള നല്ല വീട് ഉണ്ടാക്കാന്‍ തറക്കല്ലിട്ടു. ആവശ്യമായ പണവും പാസായി.
1990 മാര്‍ച്ച് 10ന് ക്ലാസ് അവസാനിപ്പിച്ച് ഞാന്‍ വീട്ടിലെത്തി. വെള്ളമുണ്ട സ്‌കൂളില്‍ രജിസ്റ്ററില്‍ ഒപ്പ് വച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സാക്ഷരതക്ക് പോയകാലം അനധികൃത അവധി ആണെന്ന് പറഞ്ഞ് ഒരു വര്‍ഷത്തോളം ശമ്പളം തടഞ്ഞുവച്ചു. അടുത്തവര്‍ഷം കേരള സാക്ഷരതയുടെ പ്രോജക്ട് ഓഫീസര്‍ ആയി ചുമതലയേറ്റു. ശമ്പളം കിട്ടാത്ത കാലത്ത് സാക്ഷരത ഫണ്ടില്‍നിന്ന് എനിക്ക് അഡ്വാന്‍സ് അനുവദിച്ച വയനാട് ജില്ലാ കളക്ടറോട് നന്ദി പ്രകാശിപ്പിക്കുന്നു. ഇക്കാലത്ത് നവസാക്ഷരര്‍ അയച്ച കത്തുകള്‍ എന്റെ മനം കുളിര്‍പ്പിക്കുന്നത് ആയിരുന്നു.
എറണാകുളം സാക്ഷരതയില്‍ എന്റെ വഴികാട്ടികളായി പ്രവര്‍ത്തിച്ച പരേതരായ മൂന്നു മുഖ്യ വ്യക്തികളുണ്ട് കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ ,സി ജി ശാന്തകുമാര്‍ , പ്രൊഫ ഇ കെ നാരായണന്‍ ഇവരെ പ്രത്യേകം സ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു