കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂര്‍: കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.


യുഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ് ഇതേവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.