കരിപ്പൂർ സ്വർണ കവർച്ച കേസ്; മുഖ്യ സൂത്രധാരന്‍ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍


മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ കൊടുവള്ളി സ്വദേശി സൂഫിയാന്‍. കേസിലെ ഇത് വരെ ഉള്ളതില്‍ വച്ച്‌ ഏറ്റവും നിര്‍ണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്. കൊടുവള്ളിയില്‍ നിന്ന് ആണ് സൂഫിയാനെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാന്‍ ആണ്.

ഗള്‍ഫില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ കള്ളക്കടത്ത് സൂഫിയാന്റെ നേതൃത്വത്തിലാണ് സ്വര്‍ണം കൊണ്ടു പോകുന്നതും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതും എല്ലാം.

കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച്‌ കൊണ്ടുപോകുന്നത് തടയാന്‍ ചെര്‍പ്പുളശ്ശേരി സംഘത്തെ നിയോഗിച്ചതും ഇയാളാണ്. വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാള്‍

TDY എന്ന പേരില്‍ വാട്ട്‌സ്‌ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഗ്രൂപ്പിന്റെ അഡ്മിന്മാരില്‍ ഒരാള് ആണ് സൂഫിയാന്‍. സംഘാംഗങ്ങള്‍ക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സൂഫിയാന്‍ ആണ് നല്‍കിയിരുന്നത്.

21 ന് പുലര്‍ച്ചെ , സംഭവങ്ങള്‍ നടക്കുന്ന സമയത്ത് കരിപ്പൂരില്‍ സൂഫിയാന്‍ ഉണ്ടായിരുന്നു എന്ന് മലപ്പുറം എസ്പി സ്ഥിരീകരിച്ചു. കവര്‍ച്ച ആസൂത്രണം നടത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടി ആണ് സൂഫിയാന്റെ അറസ്റ്റെന്ന് എസ് പി സുജിത് ദാസ് എസ് എഐപിഎസ് പറഞ്ഞു. കവര്‍ച്ച പ്ലാന്‍ ചെയ്തതില്‍ ഏറ്റവും പ്രധാനിയാണ് സൂഫിയാന്‍. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസിന് ഏറെ ചെയ്യാന്‍ ഉണ്ട്. സംഭവം നടന്ന ദിവസം സൂഫിയാന്‍ ഇവിടെ ഉണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ ഏറെ വൈകാതെ പിടിയിലാകുമെന്നും സുജിത് ദാസ് എസ് പറഞ്ഞു.