കയ്യടി നേടി കൊയിലാണ്ടിയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയുടെ ചലച്ചിത്രമേള; ഇനി ലക്ഷ്യം സിനിമ
സിനിമയെ സ്നേഹിക്കുന്ന, സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയ കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും 15 യുവാക്കള്‍, അവരുടെ കോവിഡ് കാല ചിന്തകള്‍ രൂപപ്പെടുത്തിയതാണ് കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരള എന്ന കൂട്ടായ്മ. ഈ കൂട്ടായ്മയുടെ പ്രഥമ സംരംഭമായ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ 2020-21ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കോവിഡ് കാലത്ത് അടച്ചിടപ്പെട്ട സമയത്ത് ഷോര്‍ട്ട്ഫിലിം എന്ന ആശയത്തെ ചേര്‍ത്തുപിടിക്കുകയും ഒന്നരവര്‍ഷത്തിനിടെ അഞ്ച് ഷോര്‍ട്ട്ഫിലിമുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഷോര്ട്ട്ഫിലിമുകള്ക്കുവേണ്ടിയുളള ഒത്തുചേരലാണ് ഒരുകൂട്ടായ്മയെന്ന ആശയത്തിലേക്ക് ഇവരെ എത്തിച്ചത്.
കൊയിലാണ്ടിയിലെ സിനിമാ സ്നേഹികള്‍, ഒപ്പം കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാരംഗത്ത് പ്രാവീണ്യം തെളിയിച്ചവരും ഈ കൂട്ടായ്മയുടെ ഭാഗമാണ്. അതില്‍ സംവിധായകരുണ്ട്, നാടകപ്രവര്‍ത്തകരുണ്ട്, മീഡിയാ പ്രവര്‍ത്തകരുണ്ട്, വീഡിയോ ഗ്രാഫര്മാരുണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെയുണ്ട്.
ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തിയ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെലിലേക്ക് നൂറോളം എന്‍ട്രികളാണ് ലഭിച്ചത്. നടന് ഇന്ദ്രന്‍സിനാണ് സമഗ്രസംഭാവനയ്ക്കുളള പുരസ്കാരം ലഭിച്ചത്. പ്രവാസി ഫിലിം, ചില്‍ഡ്രന്‍സ് ഫിലിം, കോവിഡ് ബെയ്സ്ഡ് ഫിലിം, മ്യൂസിക്കല്‍ ആല്‍ബം, ഡോക്യുമെന്ററികള്‍, പതിനഞ്ച് മിനിറ്റിനുള്ളില്‍ വരുന്ന ഷോര്‍ട്ട്ഫിലിം, പതിനഞ്ചുമിനിറ്റിലേറെ വരുന്ന ലോങ് ഷോര്‍ട്ട്ഫിലിം എന്നിങ്ങനെ ഏഴുകാറ്റഗറികളിലായിരുന്ന മത്സരം. ചലച്ചിത്ര സംവിധായകരായ മനു അശോകന്, ബിപിന്‍ പ്രഭാകര്‍, നടനും എഴുത്തുകാരനുമായ സുശീല്‍കുമാര്‍ തിരുവങ്ങാട്, ഗാനരചയിതാവ് പ്രേംദാസ് ഇരുവള്ളൂര്‍, ക്യാമറാമാന് പ്രശാന്ത് പ്രണവം എന്നിവരടങ്ങിയ അഞ്ചംഗ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ലഭിച്ച ‘കളളന്മറുത’ യ്ക്കാണ് പതിനഞ്ച് മിനിറ്റിനുള്ളില്വരുന്ന ഹ്രസ്വചിത്ര വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചത്.
നവംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍വച്ച് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രമേളയുടെ പുരസ്കാരങ്ങള്‍ സമ്മാനിക്കും. സംവിധായകന് രഞ്ജിത്ത് ചടങ്ങില്‍ സംബന്ധിക്കും.
ഈ കൂട്ടായ്മയിലൂടെ ഒരു മണിക്കൂറെങ്കിലും ദൈര്‍ഘ്യമുളള ഒരു സിനിമ നിര്‍മ്മിക്കുകയെന്നതാണ് ഈ യുവാക്കളുടെ അടുത്തസ്വപ്നം. അതിനായി സ്ക്രിപ്റ്റും മറ്റും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലുമുളള, സിനിമയോട് ചേര്‍ന്ന് നില്ക്കുന്ന കലാകാരന്മാരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂട്ടായ്മ വിപുലീകരിക്കാനും ആലോചനയുണ്ട്.
ദേശീയ നാടക അവാര്‍ഡ് ജേതാവ് പ്രേമന് മുചുകുന്ന്, സംവിധായകന് നൗഷാദ് ഇബ്രാഹിം, നടന് ശിവപ്രസാദ് ശിവപുരി, മീഡിയാ ഹബ് ടാലന്റഡ് അവാര്‍ഡ് നേടിയ പ്രശാന്ത് ചില്ല, നിരവധി പുരസ്കാരങ്ങള്‍ നേടിയ കിഷോര്‍ മാധവന്, നിധീഷ് സാരംഗി, സുബോധ് ജീവന്, റോബിന് ബി.ആര്, നിജിന്‍രാജ്, ആന്‍സണ്‍ ജേക്കബ്, ഷിനോദ് ടി.കെ, രാമചന്ദ്രന് നീലാംബരി, രഞ്ജിത്ത് ലാല്‍ തുടങ്ങിയവരാണ് ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.