കനത്ത മഴ തുടരുന്നു; കോഴിക്കോട് ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ ക്യാമ്പുകള്‍ തുറന്നു. താലുക്കിലെ നാല് സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. വേങ്ങേരി വില്ലേജില്‍ സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.
കനത്ത മഴയെതുടര്‍ന്ന് ജില്ലയുടെ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞു. ചാത്തമംഗലം സൗത്ത് അരയങ്കോട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. കുവുങ്ങ് വീട്ടിന് മുകളില്‍ വീണ് വീട് ഭാഗികമായി തകര്‍ന്നു. പനങ്ങോട് വീടിന്റെ മുകളില്‍ സംരക്ഷണ ഭിക്തി തകര്‍ന്നു വീണു. മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് നഗരത്തിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ നാല് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തുക്കുന്നത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണവ. ഒക്ടോബര്‍12, 13, 14 തീയ്യതികളില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.