കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറന്ന് വ്യാപാരികളുടെ പ്രതിഷേധം: പേരാമ്പ്രയില്‍ പൊലീസും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം


പേരാമ്പ്ര: പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ കോളേജ് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ കടകള്‍ തുറന്നത് പൊലീസ് അടപ്പിക്കാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. അശാസ്ത്രീയമായ രീതിയാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നതെന്നും റോഡിന്റെ ഒരുവശത്ത് കടകള്‍ തുറന്നിടുകയും മറുവശത്ത് അടച്ചിടാന്‍ പറയുകയും ചെയ്യുന്നതില്‍ എന്തടിസ്ഥാനമാണുള്ളതെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തായിരുന്നു സംഭവം. പ്രദേശത്തെ ഫ്രൂട്ട് കടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ തുറന്നിരുന്നു. അതിനടുത്തുള്ള ഫാന്‍സി ഷോപ്പുകള്‍ തുറന്നത് പൊലീസ് അടപ്പിക്കാന്‍ ശ്രമിച്ചതാണ് വാക്കുതര്‍ക്കത്തിന് വഴിവെച്ചതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ വിനോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അശാസ്ത്രീയമായ അടച്ചിടലിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ഇന്ന് കടകള്‍ തുറന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പേരാമ്പ്രയിലെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചത്. എന്നാല്‍ ഞായറാഴ്ചത്തെ ഉത്തരവ് പ്രകാരം ചില വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. 15, അഞ്ച്, മൂന്ന്, നാല് വാര്‍ഡുകളിലാണ് ഏറ്റവുമധികം കടകളുള്ളത്. അതില്‍ ചിലത് മാത്രം അടച്ചിടാന്‍ പറയുന്നത് ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചപ്പോള്‍ ഇപ്പോള്‍ സമരവുമായി മുന്നോട്ടുപോകരുതെന്നും ജില്ലാ ഭരണകൂടത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കടകള്‍ അടച്ച് സഹകരിച്ചിരുന്നു. എന്നാല്‍ വാര്‍ഡ് തലത്തില്‍ നിയന്ത്രണം അനിവാര്യമാണെന്ന ജില്ലാ ഭരണകൂടത്തിന്റെ മറുപടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച കടകള്‍ തുറന്ന് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് കടയടപ്പിക്കാന്‍ ശ്രമിച്ചതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, സെക്രട്ടറി ഷാജു, വാര്‍ഡ് മെമ്പര്‍ വിനോദ് എന്നിവര്‍ സ്ഥലത്തെത്തുകയും പൊലീസുമായും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായും ചര്‍ച്ച നടത്തുകയുമായിരുന്നു.

കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വ്യാപാരികളെ അനുവദിക്കേണ്ടതുണ്ട് എന്നുതന്നെയാണ് പഞ്ചായത്തിന്റെ നിലപാട്. പക്ഷേ, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കലക്ടറുടെ ഉത്തരവുള്ളതിനാല്‍ തങ്ങള്‍ നിസഹായരാണെന്ന സമീപനമാണ് യോഗത്തില്‍ പൊലീസും പഞ്ചായത്തും സ്വീകരിച്ചതെന്ന് വിനോദ് വ്യക്തമാക്കി.

ഇപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് തീരുമാനം ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങളുമായി സഹകരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനമെന്നും സുരേഷ് ബാബു പറഞ്ഞു. ഒരു മണിയോടെ കടകള്‍ അടച്ചിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്ക് മേല്‍നടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.