കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് കാപ്പാട് കൊയിലാണ്ടി തീരപാത; ഗതാഗതയോഗ്യമാക്കാന്‍ ശ്രമം തുടങ്ങിയെന്ന് നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല
കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് കൊയിലാണ്ടി തീരപാതയിലൂടെ കാല്‍നടയാത്ര പോലും വളരെ ദുരിതത്തിലെന്ന് നാട്ടുകാര്‍. കടല്‍ഭിത്തിയുള്‍പ്പെടെ തിരയെടുത്തതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. റോഡിന്റെ നിര്‍മാണത്തെക്കുറിച്ചുയര്‍ന്ന ആക്ഷേപം ശരിയെന്ന് തെളിഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
റോഡില്‍ ഒന്നരക്കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് സംരക്ഷഭിത്തി പലയിടത്തും ഇടിഞ്ഞ് താണു. ഗര്‍ത്തവും രൂപപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ റോഡ് പുനസ്ഥാപിച്ചെങ്കിലും രണ്ട് ഭാഗങ്ങളിലേക്കുള്ള സഞ്ചാരം യാഥാര്‍ഥ്യമായില്ല. കാപ്പാട് കൊയിലാണ്ടി യാത്രികര്‍ക്ക് തിരക്കില്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സാധ്യതയാണ് വഴിമുട്ടിയത്.
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരമാണ് തീരപാത യാഥാര്‍ഥ്യമാക്കിയത്. പാത വേഗം പുനസ്ഥാപിക്കുന്നതിന് ശ്രമം തുടങ്ങിയതായി നിയുക്ത കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അറിയിച്ചു.