കടലും പുഴയും പക്ഷി സങ്കേതവും; നയനമനോഹര കാഴ്ചകളുമായി കടലുണ്ടി അഴിമുഖം
ഏത് നട്ടുച്ചയ്ക്കും കാറ്റുകൊള്ളാനെത്താവുന്ന കടപ്പുറം. പുഴയും കടലും സംഗമിക്കുന്ന ഇടം, കണ്ടല്‍ക്കാട്, ദേശാടനക്കിളികള്‍ അടക്കമെത്തുന്ന പക്ഷി സങ്കേതം…കാഴ്ചകളാല്‍ സമ്പന്നമാണ് കടലുണ്ടി അഴിമുഖം. തിരൂര്‍ കോഴിക്കോട് തീരദേശപാതയില്‍ കടലുണ്ടിക്കടവ് പാലത്തിന്റെ ഇരുതീരങ്ങളിലുമായാണ് ഈ അനുഭവങ്ങളത്രയും.
ഇവിടത്തെ പാലത്തില്‍ നിന്നാല്‍ അസ്തമയമെങ്കില്‍ പടിഞ്ഞാറ് സ്വര്‍ണവര്‍ണമണിഞ്ഞ വെള്ളവും പൗര്‍ണമിയെങ്കില്‍ കിഴക്ക് വെള്ളിത്തിളക്കമുള്ള വെള്ളവും അപൂര്‍വാനുഭൂതിയാകും. അഴിമുഖത്തെ മനോഹരകാഴ്ച ആസ്വദിക്കാനായി പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അഴിമുഖത്തിനൊപ്പം തന്നെ അഴിമുഖത്തെ പാലത്തിന് സമീപം കടലോരത്തുള്ള പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
കടലുണ്ടിപ്പുഴ അറബിക്കടലുമായി ചേരുന്ന അഴിമുഖമാണ് കടലുണ്ടിയിലേത്. തെങ്ങുകള്‍ നിറഞ്ഞതാണ് അഴിമുഖത്തോട് ചേര്‍ന്ന ഭാഗത്തെ കടപ്പുറം. അതുകൊണ്ടു തന്നെ വെയിലു കൊള്ളാതെ കടലുകാണാം. കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന വലിയ ചെങ്കല്‍പ്പാറകളാണ് പ്രധാന ആകര്‍ഷണം. ശക്തമായ തിരയുള്ള സമയമെങ്കില്‍ കടല്‍വെള്ളം ഈ പാറക്കെട്ടുകളില്‍ അടിച്ച് മുകളിലേക്ക് ഉയരുന്നത് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയാകും.
ചെറു തുരുത്തു പോലെ വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുന്ന ചെങ്കല്‍പ്പാറയിലേക്ക് കടല്‍വെള്ളത്തിലൂടെ നടന്നു കയറാം. ഇവിടെ നിന്ന് മികച്ച ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനാകുമെന്ന കാര്യവുമുറപ്പാണ്. ഈ പാറയുടെ മധ്യഭാഗം തുരന്നതുപോലുള്ള ഭാഗമാണ്. ഇതിലൂടെയും വെള്ളം അടിച്ചു കയറുന്നത് മറ്റൊരു കാഴ്ചയാണ്. അസ്തമനം തെങ്ങോലകളുടെ പശ്ചാത്തലത്തില്‍ ഒപ്പിയെടുക്കാം.
ചെറുകുന്നുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചെങ്കല്‍പ്പാറക്കൂട്ടങ്ങള്‍ ഇരിക്കാനും സൗകര്യപ്രദം. ഇവയ്ക്കിടയിലൂടെ സൂര്യാസ്തമയക്കാഴ്ച അതിസുന്ദരം. ചെറുതെങ്ങുകളും ഫ്രെയിമിന് പൊലിമ കൂട്ടും. പാറക്കൂട്ടത്തിന്റെ ഇടതുവശത്തായി സാധാരണ പോലെ മണല്‍ നിറഞ്ഞ കടപ്പുറവുമുണ്ട്. അഴിമുഖത്ത് പുഴ ഭാഗത്താണ് മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി നിര്‍ത്തിയിടുന്നത്.
ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട കമ്യൂണിറ്റി റിസർവുകളിലൊന്നാണ് കടലുണ്ടിയിലേത്. ചുറ്റുമുള്ള താമസക്കാരുടെ സഹകരണത്തോടെ പ്രകൃതിയെ സംരക്ഷിക്കുവാനും അവർക്ക് പരിസ്ഥിതിയെ നോവിക്കാതെ ഉപജീവനം കഴിക്കാനും വിഭാവനം ചെയ്യപ്പെട്ടവയാണു കമ്യൂണിറ്റി റിസർവുകൾ. വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് പരിപാലനവും മറ്റും.
കേരളത്തിലെ ഏക കമ്യൂണിറ്റി റിസര്‍വ് വനമായ കടലുണ്ടി പക്ഷി സങ്കേതം അഴിമുഖത്തിന്റെ നേരെ കിഴക്കു ഭാഗത്താണ്. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് രണ്ടു ജില്ലകളുടെ അതിർത്തിയിലാണ്. കടലുണ്ടി കോഴിക്കോടും, വള്ളിക്കുന്ന് മലപ്പുറത്തും. ഇവിടത്തുകാരും വനംവകുപ്പിലെ ഒരുദ്യോഗസ്ഥനും അടങ്ങുന്നതാണു കമ്യൂണിറ്റി റിസർവിന്റെ പരിപാലന കമ്മിറ്റി. ഒന്നര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മുഴുവൻ കണ്ടലുകൾ അല്ല കേട്ടോ. ഇടയിൽ മനുഷ്യവാസമുള്ള ദ്വീപുകളുമുണ്ട്. വലിയൊരാൽമരം പോലെ പടർന്നു കിടക്കുന്ന കണ്ടൽക്കാടിനുള്ളിലേക്ക് ചില ചെറു വഴികളുണ്ട്.
പക്ഷിപ്രേമികൾക്ക് കടലുണ്ടി സ്വർഗമാണ്. നൂറ്റിപ്പത്തുതരം കിളികൾ. അതിൽ 53 എണ്ണം വിദേശികൾ. സാൻഡ് പ്ലോവർ തുടങ്ങിയ ചെറുകിളികളുടെ പ്രിയ ഇടമാണു. നവംബർ മുതൽ ഏപ്രിൽ വരെ ദേശാടനക്കിളികൾ എത്തുന്ന സമയമാണ് കരമാര്‍ഗം ഒന്നര കിലോമീറ്റര്‍ ചെന്നാല്‍ പക്ഷി സങ്കേതത്തിന്റെ പ്രവേശന കവാടത്തിലെത്താം. ഇവിടെ നിന്ന് തോണിയില്‍ കയറി പക്ഷി സങ്കേതം ചുറ്റിക്കാണാം. കണ്ടല്‍ക്കാട് നിറഞ്ഞ ഭാഗമാണ്. ഇവയ്ക്കിടയിലൂടെയാണ് തോണിയാത്ര. സീസണ്‍ സമയത്തെങ്കില്‍ ദേശാടനക്കിളികളെയേറെക്കാണാം. പുഴയില്‍ നീര്‍നായ്ക്കളെയും കാണാം.
കടലുണ്ടി റെയില്‍വേ സ്റ്റേഷന്‍ കമ്യൂണിറ്റി റിസര്‍വിനു സമീപമാണ്. പുഴയ്ക്കു കുറുകെയുള്ള റെയില്‍പ്പാലത്തിലൂടെ ട്രെയിന്‍ കടന്നു കാഴ്ച കാണുന്നതിനോടൊപ്പം തന്നെ തോണിയിലിരുന്നോ തോണികള്‍ പശ്ചാത്തലമാക്കിയോ പടവുമെടുക്കാം എന്നുള്ളത് മറ്റൊരു നേട്ടമാണ്.
അങ്ങനെ ഒരേ ഒരു സ്ഥലത്തു തന്നെ ഇത്രയും വിസ്മയങ്ങളൊരുക്കി വെച്ചിരിക്കുന്ന കടലുണ്ടി അഴിമുഖതത്തെ നയനമനോഹര കാഴ്ചകളുടെ സംഗമ സ്ഥലം എന്ന് തന്നെ വിശേഷിപ്പിക്കാം.
വഴി…
തിരൂര്‍ കോഴിക്കോട് തീരദേശ പാതയില്‍ പരപ്പനങ്ങാടിയില്‍ നിന്നും ഫറോക്കില്‍ നിന്നും ഏകദേശം 10 കിലോമീറ്ററാണ് അഴിമുഖത്തേക്ക്. കടലുണ്ടിക്കടവ് സ്റ്റോപ്പില്‍ ഇറങ്ങാം. പാലത്തിന്റെ വശത്തുകൂടി നടന്ന് അഴിമുഖത്തെത്താം. റെയില്‍പാതയില്‍ കടലുണ്ടി സ്റ്റേഷനില്‍ നിന്ന് അഴിമുഖത്തേക്ക് 2 കിലോമീറ്റര്‍.
ജാഗ്രത: അപകടസാധ്യതയുള്ള ഭാഗമാണ് അഴിമുഖം. അധികൃതരുടെ പ്രത്യേക നിരീക്ഷണമില്ല. കടല്‍ഭാഗത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക.