ഓവുചാൽ നവീകരണം ഒച്ചിഴയും വേഗത്തിൽ; കൊയിലാണ്ടിയിലെ ജനങ്ങൾ പൊറുതിമുട്ടുന്നു


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഓവുചാൽ നിർമ്മാണം നീളുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുകയാണ്. എട്ട് മാസം മുൻപ് ആരംഭിച്ച ഓവുചാലുകളുടെ പുനർനിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തിരക്കുപിടിച്ച റോഡിൽ ഇത്തരം നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ നടത്തി പൂർത്തിയാക്കുന്നതിന് പകരം രണ്ട് തൊഴിലാളികളെ വെച്ചാണ് എല്ലാ ദിവസവും പ്രവൃത്തി നടത്തുന്നത്. മണ്ണും, കല്ലും റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടതിനാൽ വലിയ ഗതാഗത സ്തംഭനവും, രൂക്ഷമായ പൊടിശല്യവുമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. നഗരത്തിലൂടെ സഞ്ചരിക്കുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇത് വലിയ ദുരിതമാകുന്നു.

ഓവുചാലുകളിൽ മലിനജലം കെട്ടി നിൽക്കുന്നതിനാൽ കൊതുകുകൾ പെരുകുകയും, ദുർഗന്ധം രൂക്ഷമാകുകയും ചെയ്യുന്നു. നഗര ഹൃദയത്തിലെ കോടതി സമുച്ചയത്തിന്റെ കവാട നിർമ്മാണ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടില്ല. കോടതി മതിൽ പൊളിച്ച് പുനർ നിർമ്മാണ പ്രവൃത്തിയും നടന്നു വരുന്നു.

ഇതെല്ലാം കാരണം നഗരത്തിൽ ഗതാഗത തടസ്സം രൂക്ഷമാണ്. ആശുപത്രിയിലേക്ക് അടിയന്തരമായി പോകേണ്ട ആംബുലൻസുകൾ പോലും ഗതാഗത കുരുക്കിൽപെടുന്നു. കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് മൂടാടി മുതൽ ചെങ്ങോട്ടുകാവു വരെ നീളുന്ന കാഴ്ചയും പല സമയത്തുമുണ്ട്.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ പോലീസ് ഇടപെടൽ ഫലപ്രദമല്ല എന്ന വിമർശനമുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്നതിനും, ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും കൂടുതൽ ട്രാഫിക് പോലീസിനെ നഗരത്തിൽ വിന്യസിക്കണമെന്ന് ആവശ്യം ഉയരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ നിരത്തിൽ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഇപ്പോൾ കൂടുതലായി ബസ്സ് സർവീസുകളുമുണ്ട്. റോഡരികിലെ മണ്ണും മറ്റ് നിർമ്മാണ സാമഗ്രികളും നീക്കം ചെയ്താൽ തന്നെ ഗതാഗത തടസ്സത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാകും. റോഡരികിൽ അനധികൃത ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗും കർശനമായി ഇല്ലാതാക്കണം എന്ന നിർദ്ദേശവും ഉയരുന്നു. റോഡിന് വീതിയില്ലാത്തതിനാൽ വർഷങ്ങളായി ഗതാഗതക്കുരുക്കിൽ തളച്ചിടപ്പെട്ട കൊയിലാണ്ടിക്ക് കൂടുതൽ ബുദ്ധിമുട്ട് സമ്മാനിക്കുകയാണ് ഓവുചാൽ നവീകരണ പ്രവർത്തിയുടെ മെല്ലെപ്പോക്ക്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക