ഒരേ ദിവസം മൂന്ന് അപകടം; താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ചുരത്തിലെ മൂന്നിടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മണിക്കൂറുകളാണ് അപകടങ്ങളെത്തുടര്‍ന്ന് ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ടത്.

വൈകീട്ടോടെ രണ്ടാം വളവിനു സമീപം, വയനാട്ടിലേക്കു പോകുന്ന ടാങ്കര്‍ ലോറിയും മരക്കഷണങ്ങള്‍ കയറ്റി എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു. ഇതേത്തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

അധികം വൈകാതെ ചിപ്പിലിത്തോട് തേക്കുംതോട്ടം ഭാഗത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ഏഴിന് ചിപ്പിലിത്തോടിനു മുകളില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിലിടിച്ചാണ് മറ്റൊരു അപകടം നടന്നത്. പരുക്കേറ്റ കക്കോടി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നീക്കിയത്.