ഒന്നരമാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത് നൂറ് രൂപ; പാചക വാതക വിലവര്‍ദ്ധനവിനെതിരെ കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ അടുപ്പ് കൂട്ടല്‍ സമരം


കുറ്റ്യാടി: പാചകവാതക വില വര്‍ദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അടുപ്പ് കൂട്ടല്‍ സമരം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധിക്ഷത വഹിച്ചു.

വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ശനിയാഴ്ച ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് വില ആയിരം രൂപ കടന്നു. കോഴിക്കോട്ട് സിലിണ്ടറിന് 1008.50 രൂപ കൊടുക്കണം. ഗ്യാസ് കണക്ഷന്‍ ഇല്ലാത്തവരും മറ്റ് അത്യാവശ്യക്കാരും വളരെയധികം ആശ്രയിക്കുന്ന അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വിലയും കൂട്ടി. 18 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. കോഴിക്കോട്ട് 371 രൂപയാണ് ഇപ്പോള്‍. ഒന്നരമാസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപയും അഞ്ചു കിലോ സിലിണ്ടറിന് 36 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. കോവിഡിന്റെ പിടിയില്‍നിന്ന് രാജ്യം കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പിടിച്ചുപറി.

കെ പി അബ്ദുള്‍ മജീദ്, പി പി ആലിക്കുട്ടി, എസ് ജെ സജീവ് കുമാര്‍, സി കെ രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ എം അസ്ഹര്‍, കെ പി കരുണന്‍, ഹാഷിം നമ്പാട്ടില്‍, അലി ബാപ്പറ്റ, പി കെ ഷമീര്‍, പി സുബൈര്‍, കെ വി ജമീല, ലീബ സുനില്‍, അനുജ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു