ഉയര്‍ന്ന പ്രദേശങ്ങളിലും ഇനി കുടിവെള്ളം ലഭ്യമാകും; പേരാമ്പ്രയിലെ ജലജീവന്‍ പദ്ധതി വിപുലമാക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താത്ത പ്രശ്‌നം പരിഹരിക്കാനായി ജലഅതോറിറ്റി ജലജീവന്‍ പദ്ധതിവിഭാഗം ശ്രമംതുടങ്ങി. പെരുവണ്ണാമൂഴി ഡാമില്‍നിന്ന് പുതിയപൈപ്പിട്ട് ചിലമ്പവളവിലെ നേരത്തെ ജലഅതോറിറ്റി നിര്‍മിച്ച ടാങ്കില്‍ വെള്ളമെത്തിച്ചാണ് പഞ്ചായത്ത് പരിധിയില്‍ ജലവിതരണം നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇതിലുംഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഈ ടാങ്കില്‍നിന്ന് ജലവിതരണം നടത്താനാകില്ല. ചേര്‍മല കോളനിപോലെ ഏറെകാലമായി രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോഴത്തെ പദ്ധതിയില്‍ വെള്ളമെത്തില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇവിടേക്ക് മാത്രം പ്രത്യേകടാങ്ക് നിര്‍മിച്ച് വെള്ളം പമ്പ് ചെയ്യാന്‍ സംവിധാനം ഉണ്ടാക്കിയാലേ പ്രശ്‌നത്തിന് പരിഹാരമാകൂ. ഇപ്പോള്‍ തയ്യാറാക്കിയ പദ്ധതിയില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ല.

പരാതി ഉയര്‍ന്നസാഹചര്യത്തില്‍ വെള്ളമെത്താത്ത പ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ സര്‍വേ നടത്തുകയാണ്. വിവിധപ്രദേശങ്ങളില്‍ പരിശോധിച്ച് അധികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതിതയ്യാറാക്കാനാണ് സര്‍വേ നടത്തുന്നത്. പദ്ധതിയുടെ അഞ്ചുശതമാനം തുക അതത് പ്രദേശത്തെ സാഹചര്യംപരിഗണിച്ച് കൂടുതലായുള്ള പ്രവൃത്തികള്‍ക്ക് ചെലവഴിക്കാന്‍ ജലജീവന്‍ പദ്ധതിയില്‍ അനുമതി നല്‍കാറുണ്ട്. 32.6 കോടിയുടെ ജലജീവന്‍ പദ്ധതിയാണ് പേരാമ്പ്ര പഞ്ചായത്തില്‍ നടപ്പാക്കുന്നത്. 7112 -ഓളം പേര്‍ക്ക് ഇതുവഴി കുടിവെള്ളം വിതരണം ചെയ്യാനാകുമെന്നാണ് നിഗമനം.

കരാറെടുത്ത ഹൈദരാബാദിലെ കമ്പനി പൈപ്പിടുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. 25 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ ഇതിനകംസ്ഥാപിച്ചു. നൂറുകിലോമീറ്റര്‍ ദൂരത്തില്‍ വിതരണശൃംഖലയുണ്ടാകും. പദ്ധതി ചെലവില്‍ പത്ത് കോടിയോളം രൂപ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഇടങ്ങളില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ പി.ഡബ്ല്യു.ഡി.ക്കായി നല്‍കാനുള്ളതാണ്. ചെറിയറോഡുകളില്‍ പൈപ്പിടല്‍ തുടങ്ങിയെങ്കിലും പേരാമ്പ്ര പയ്യോളി, ചാനിയംകടവ്, ചെമ്പ്ര റോഡുകളില്‍ പൈപ്പിടല്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കാത്തുകിടക്കുകയാണ്. പ്രധാനറോഡുകളില്‍ കുഴിയെടുക്കാനും അനുമതിയായില്ല